ക്രിസ്റ്റ്യാനോയെക്കാൾ മികച്ചവൻ മെസ്സി തന്നെയെന്ന് ക്ലോപ്
മെസ്സിയാണോ ക്രിസ്റ്റ്യാനോയാണോ മികച്ചവനെന്ന തർക്കം കഴിഞ്ഞ ഒരു ദശാബ്ദകാലമായി തുടരുന്ന തർക്കവിഷയമാണ്. ഫുട്ബോൾ ലോകത്തെ ഒട്ടേറെ പ്രമുഖർ ഇരുവരെയും മികച്ചവരായി തിരഞ്ഞെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മുൻ ആഴ്‌സണൽ ഇതിഹാസപരിശീലകൻ ആഴ്‌സെൻ വെങ്ങറോട് ഇതേ ചോദ്യം കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. എന്നാൽ ഇരുവരിൽ ഒരാളെ തിരഞ്ഞെടുക്കുന്നത് ബുദ്ദിമുട്ടാണെന്നും എന്നാൽ പരിശീലക്കരിലധികവും മെസ്സിയെയാണ് തിരഞ്ഞെടുക്കുകയെന്നും അതിന് വ്യക്തമായ കാരണമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതേ ചോദ്യം തന്നെയാണ് കഴിഞ്ഞ ദിവസം ഫ്രീകിക്കേഴ്സ് യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്പിന് നേരിടേണ്ടി വന്നത്. അദ്ദേഹം അതിന് മറുപടി പറഞ്ഞത് മെസ്സി എന്നാണ്. എന്ത്‌കൊണ്ടാണ് മെസ്സി റൊണാൾഡോയെക്കാൾ മികച്ചതായതെന്നും ക്ലോപ് വിശദീകരിച്ചു.
” എന്നെ സംബന്ധിച്ചെടുത്തോളം മെസ്സിയാണ് മികച്ചവൻ. ക്രിസ്റ്റ്യാനോ റൊണാൾഡോ കൂടുതൽ പുകഴ്‌ത്താൻ എന്നെ കൊണ്ടാവില്ല. ഞാനത് ചെയ്തു കഴിഞ്ഞതാണ്. ഞങ്ങൾ ഇരുവർക്കുമെതിരെയും കളിച്ചതാണ്. ഇരുവരെയും പ്രതിരോധിക്കുക എന്നതും ബുദ്ദുമുട്ടേറിയതാണ്. ജനിച്ചപ്പോൾ തന്നെ ശാരീരികമായി അത്ര ക്ഷമത ഇല്ലാത്ത താരമാണ് മെസ്സി. പക്ഷെ എന്നിട്ട് പോലും അദ്ദേഹം കളിക്കളത്തിൽ എല്ലാം ലളിതമായി ചെയ്യുന്നു. ഒരു മജീഷ്യനെ പോലെയാണ് മെസ്സിയെപ്പോഴും. ഒരു താരം എന്ന നിലയിൽ കളത്തിൽ ഒരുപാട് കാര്യങ്ങൾ മെസ്സി ചെയ്യുന്നുണ്ട്. അതേ സമയം ക്രിസ്റ്റ്യാനോ ഇതിൽ നിന്ന് അല്പം വ്യത്യസ്തനാണ്. റൊണാൾഡോയുടെ ഉയരം, വേഗത, ആറ്റിറ്റ്യൂഡ് എന്നിവയാണ് റൊണാൾഡോയുടെ കരുത്ത്. അസാമാന്യതാരം തന്നെയാണ് ക്രിസ്റ്റ്യാനോ. ഒരു പെർഫെക്ട് പ്രൊഫഷണൽ എന്നതിനുദാഹരണമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ” ക്ലോപ് പറഞ്ഞു.