കോൺട്രാക്ട് സൈൻ ചെയ്തു,ഡി മരിയ തുടരും!

അർജന്റൈൻ സൂപ്പർതാരമായ എയ്ഞ്ചൽ ഡി മരിയ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയിൽ തിരിച്ചെത്തിയത്. കരിയറിന്റെ തുടക്കകാലത്ത് ബെൻഫിക്കയിൽ കളിച്ചിട്ടുള്ള താരമാണ് ഡി മരിയ. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം അവർക്ക് വേണ്ടി നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ താരത്തെ നിലനിർത്താൻ ബെൻഫിക്ക തീരുമാനിച്ചിരുന്നു.

പക്ഷേ തന്റെ അർജന്റൈൻ ക്ലബ്ബായ റൊസാരിയോ സെൻട്രലിലേക്ക് മടങ്ങാനായിരുന്നു ഡി മരിയ ആഗ്രഹിച്ചിരുന്നത്.താരത്തിന്റെ കരിയർ റോസാരിയൊ സെൻട്രലിൽ വച്ചുകൊണ്ടാണ് ആരംഭിച്ചിട്ടുള്ളത്.ഈ സമ്മറിൽ അദ്ദേഹം തിരിച്ചെത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ കാര്യങ്ങൾ നല്ല രീതിയിലല്ല പുരോഗമിച്ചത്.റോസാരിയോയിലെ മാഫിയ സംഘങ്ങൾ വലിയ രൂപത്തിലുള്ള ഭീഷണി ഡി മരിയക്കെതിരെയും അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെയും മുഴക്കി.

ഇതോടെ ഈ നീക്കത്തിൽ നിന്നും ഡി മരിയ പിൻവാങ്ങി.തന്റെ കുടുംബത്തിന്റെ സുരക്ഷയാണ് ഏറ്റവും വലുതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തുടർന്ന് ബെൻഫിക്കയുമായി കരാർ പുതുക്കാൻ അദ്ദേഹം തയ്യാറായി.ഇപ്പോൾ അക്കാര്യത്തിൽ ഒരു ഒഫീഷ്യൽ സ്ഥിരീകരണം വന്നിട്ടുണ്ട്. ഒരു വർഷത്തേക്ക് കൂടിയാണ് കരാർ പുതുക്കിയിട്ടുള്ളത്. 2025 വരെ ഈ അർജന്റൈൻ സൂപ്പർ താരം തങ്ങളോടൊപ്പം ഉണ്ടാകും എന്നുള്ളത് ബെൻഫിക്കയുടെ പ്രസിഡന്റ് ആയ റൂയി കോസ്റ്റ ഇപ്പോൾ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.

ബെൻഫിക്കയോടൊപ്പമുള്ള അഞ്ചാമത്തെ സീസണിന് വേണ്ടിയാണ് താരം ഒരുങ്ങുന്നത്.ക്ലബ്ബിനോടൊപ്പം ആകെ നാല് കിരീടങ്ങളാണ് ഡി മരിയ സ്വന്തമാക്കിയിട്ടുള്ളത്.ക്ലബ്ബിനോടൊപ്പം തുടരാൻ കഴിയുന്നതിൽ ഡി മരിയ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.എപ്പോഴും സപ്പോർട്ട് ചെയ്യുന്നവരാണ് ഇവിടത്തെ ആരാധകർ എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.കഴിഞ്ഞ പോർച്ചുഗീസ് ലീഗിൽ 28 മത്സരങ്ങൾ കളിച്ച താരം 9 ഗോളുകളും പത്ത് അസിസ്റ്റുകളും ആണ് സ്വന്തമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *