കുറച്ച് ബഹുമാനം കാണിക്കൂ: എമിയെ കൂവിയെ ഫ്രഞ്ച് ആരാധകരോട് ദ്രോഗ്ബ!

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ ട്രോഫി അർജന്റൈൻ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ്സാണ് സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ ഗോൾ കീപ്പറായ എഡേഴ്സൺ,മൊറൊക്കൻ ഗോൾകീപ്പറായ യാസിൻ ബോനോ എന്നിവരെ പിന്തള്ളി കൊണ്ടാണ് എമി ഈ അവാർഡ് കരസ്ഥമാക്കിയിട്ടുള്ളത്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിലെ തകർപ്പൻ പ്രകടനമാണ് എമിക്ക് ഈ പുരസ്കാരം നേടിക്കൊടുത്തത്.

ആ ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന കിരീടം നേടിയിരുന്നത്.എമിയുടെ തകർപ്പൻ പ്രകടനമാണ് അർജന്റീനക്ക് തുണയായത്. എന്നാൽ ഫ്രഞ്ച് ആരാധകർക്ക് എമിയോട് ഒട്ടും യോജിപ്പില്ല. അത് ഇന്നലെ പാരീസിൽ വച്ച് നടന്ന ചടങ്ങിൽ അവർ പ്രകടിപ്പിക്കുകയും ചെയ്തു.

റെഡ് കാർപ്പറ്റിന്റെ സമയത്ത് തന്നെ ചില ഫ്രഞ്ച് ആരാധകർ അർജന്റീന ഗോൾകീപ്പറെ കൂവി വിളിച്ചിരുന്നു. മാത്രമല്ല യാഷിൻ ട്രോഫി നേടിയതിനു ശേഷം വീഡിയോ വാളിൽ അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ഫ്രഞ്ച് താരമായ കോലോ മുവാനിയുടെ ഷോട്ട് അദ്ദേഹം തടയുന്ന രംഗം വന്നപ്പോൾ ആ ചടങ്ങിൽ ഉണ്ടായിരുന്ന ചിലർ കൂവി വിളിക്കുകയായിരുന്നു. ഫ്രഞ്ച് ആരാധകർ തന്നെയായിരുന്നു അത്.

എന്നാൽ ഈ ചടങ്ങിലെ അവതാരകനായിരുന്ന ചെൽസി ഇതിഹാസമായ ദിദിയർ ദ്രോഗ്ബക്ക് അത് ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല.അദ്ദേഹം ചടങ്ങിനിടെ പ്രതികരിക്കുകയും ചെയ്തു.കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ എന്നാണ് ഫ്രഞ്ച് ആരാധകരോട് ദ്രോഗ്ബ പറഞ്ഞിട്ടുള്ളത്. ഇത് വലിയ രൂപത്തിൽ വാർത്തയായിട്ടുണ്ട്. ഏതായാലും ഇത്രയും വലിയ ഒരു ചടങ്ങിനിടെ ഫ്രാൻസ് ആരാധകരിൽ നിന്നും ഒരു മോശം പ്രവർത്തി തന്നെയാണ് ഉണ്ടായിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *