എൻഡ്രിക്ക് റയലിൽ ലക്ഷ്യം വെക്കുന്നത് ക്രിസ്റ്റ്യാനോയുടെ സ്ഥാനമോ? താരം പറയുന്നത് കേൾക്കൂ.

നിലവിൽ മികച്ച പ്രകടനമാണ് ബ്രസീലിന്റെ അണ്ടർ 23 ടീമിന് വേണ്ടി സൂപ്പർ താരം എൻഡ്രിക്ക് പുറത്തെടുക്കുന്നത്. ഒളിമ്പിക് യോഗ്യത മത്സരങ്ങളാണ് അദ്ദേഹം ഇപ്പോൾ കളിക്കുന്നത്. കഴിഞ്ഞ സീസണിൽ ബ്രസീലിയൻ ലീഗിൽ പാൽമിറാസിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ ഈ താരത്തിന് കഴിഞ്ഞിരുന്നു.ഇദ്ദേഹത്തെ നേരത്തെ തന്നെ റയൽ മാഡ്രിഡ് സ്വന്തമാക്കിയിട്ടുണ്ട്. വരുന്ന സമ്മറിലാണ് അദ്ദേഹം റയൽ മാഡ്രിഡിനോടൊപ്പം ചേരുക.

റയൽ മാഡ്രിഡിൽ ഏത് ജേഴ്സി തിരഞ്ഞെടുക്കാനാണ് ഇഷ്ടപ്പെടുന്നത് എന്ന് അദ്ദേഹത്തോട് ചോദിച്ചിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോ അണിഞ്ഞ ഏഴാം നമ്പർ ജേഴ്സിയോട് എൻഡ്രിക്കിന് താല്പര്യമുണ്ട്. ഒമ്പതാം നമ്പർ ജേഴ്സിയോട് തനിക്ക് താല്പര്യക്കുറവുണ്ടെന്നും അതിന്റെ കാരണം സമ്മർദ്ദമാണെന്നും എൻഡ്രിക്ക് പറഞ്ഞിട്ടുണ്ട്.താരത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

“ജേഴ്‌സി നമ്പറുകളെ കുറിച്ച് അങ്ങനെ ആശങ്കപ്പെടുന്ന ഒരു വ്യക്തിയല്ല ഞാൻ. പക്ഷേ എന്റെ ഇഷ്ടപ്പെട്ട നമ്പർ 7 ആണ്. ഞാൻ വീഡിയോ ഗെയിമുകൾ കളിക്കുമ്പോൾ ഏഴാം നമ്പർ ജേഴ്സി തിരഞ്ഞെടുക്കാറുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോ അണിഞ്ഞതുകൊണ്ട് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ നമ്പർ ആണ് 7. കൂടാതെ NBA സൂപ്പർതാരമായ ലൂക്കാ ഡോൻസിച്ച് അണിയുന്ന നമ്പർ 77 ആണ്. അതുകൊണ്ടുതന്നെ 77ഉം എന്റെ ഫേവറേറ്റ് നമ്പർ ആണ്.77നെ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു. അത് തിരഞ്ഞെടുക്കാനും ഞാൻ ആഗ്രഹിക്കുന്നു. ഞാൻ നിലവിൽ പാൽമിറാസിൽ ഒമ്പതാം നമ്പർ ജേഴ്സിയാണ് അണിയുന്നത്. അത് വളരെ മികച്ച ഒരു നമ്പറാണ്. പക്ഷേ അതുകാരണം നമുക്ക് ഒരുപാട് ഉത്തരവാദിത്വങ്ങൾ ഉണ്ട് “ഇതാണ് എൻഡ്രിക്ക് പറഞ്ഞിട്ടുള്ളത്.

നിലവിൽ റയൽ മാഡ്രിഡിലെ ഏഴാം നമ്പർ ജേഴ്സി അണിയുന്നത് മറ്റൊരു ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയറാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് അത് ലഭിക്കില്ല.താരം മറ്റേതെങ്കിലും ജഴ്സി നമ്പർ റയൽ മാഡ്രിഡിൽ തിരഞ്ഞെടുക്കേണ്ടി വന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *