എൻഡ്രിക്കിന് തിയാഗോ സിൽവയുടെ പരിഹാസം,തലവേദന ഒഴിയാതെ താരം!
ബ്രസീലിയൻ സൂപ്പർ താരമായ എൻഡ്രിക്ക് നിലവിൽ റയൽ മാഡ്രിഡിനോടൊപ്പമാണ് ഉള്ളത്. രണ്ട് സൗഹൃദ മത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നുവെങ്കിലും മോശം പ്രകടനമായിരുന്നു നടത്തിയിരുന്നത്. എന്നാൽ അധികം വൈകാതെ ക്ലബ്ബുമായി ഇഴകി ചേരാൻ താരത്തിന് കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. പക്ഷേ 18കാരനായ താരത്തിന് ഇപ്പോൾതന്നെ വിമർശനങ്ങൾ ലഭിച്ചു തുടങ്ങി.
ഇതിനിടെ എൻഡ്രിക്കിന്റെ ഒരു വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഓരോ താരങ്ങളെയും തിരഞ്ഞെടുക്കാനായിരുന്നു അദ്ദേഹത്തെ ആവശ്യപ്പെട്ടിരുന്നത്.മെസ്സിയോ ക്രിസ്റ്റ്യാനോയോ എന്ന ചോദ്യത്തിന് ക്രിസ്റ്റ്യാനോയെയാണ് എൻഡ്രിക്ക് തിരഞ്ഞെടുത്തത്.എന്നാൽ വിവാദമായത് മറ്റൊന്നാണ്. നെയ്മർ ജൂനിയറോ ബെല്ലിങ്ങ്ഹാമോ എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ ഉത്തരം ഏവരെയും അത്ഭുതപ്പെടുത്തി.ബെല്ലിങ്ങ്ഹാം എന്നാണ് എൻഡ്രിക്ക് പറഞ്ഞിട്ടുള്ളത്.
അതായത് താരത്തിന്റെ അഭിപ്രായത്തിൽ നെയ്മറെക്കാള്‍ മികച്ച താരം ബെല്ലിങ്ങ്ഹാമാണ്. ഇത് ബ്രസീലിയൻ ആരാധകർക്ക് പ്രത്യേകിച്ച് നെയ്മർ ആരാധകർക്ക് പിടിച്ചിട്ടില്ല.വലിയ വിമർശനമായിരുന്നു പിന്നീട് താരത്തിന് ലഭിച്ചത്. താരത്തിന്റെ ഇൻസ്റ്റഗ്രാം കമന്റ് ബോക്സിൽ നെയ്മർ ആരാധകരുടെ ഒരു പൊങ്കാല തന്നെ അരങ്ങേറുകയായിരുന്നു. ഇതിന് പിന്നാലെ ബ്രസീലിയൻ ലെജന്റായ തിയാഗോ സിൽവയും താരത്തെ പരിഹസിച്ചിട്ടുണ്ട്.എൻഡ്രിക്ക് ബെല്ലിങ്ങ്ഹാമിനെ തിരഞ്ഞെടുക്കുന്നത് പെഡ്രോ ലോപസ് എന്ന ഇൻഫ്ലുവൻസർ ഒരു ട്രോൾ വീഡിയോയാക്കി മാറ്റിയിരുന്നു. അതിന്റെ അവസാനത്തിൽ എൻഡ്രിക്ക് ഒരു വിഡ്ഢിയാണ് എന്നാണ് അദ്ദേഹം ചിത്രീകരിക്കുന്നത്. ഇതിന്റെ കമന്റ് ബോക്സിലാണ് സിൽവ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
മൂന്ന് ചിരിക്കുന്ന ഇമോജികളാണ് അദ്ദേഹം കമന്റ് ചെയ്തിട്ടുള്ളത്. അതായത് എൻഡ്രിക്ക് നെയ്മറെ തഴഞ്ഞത് സിൽവക്ക് പിടിച്ചിട്ടില്ല.അതിനെ തന്നെയാണ് അദ്ദേഹം പരിഹസിച്ചിട്ടുള്ളത്. ഇതും ബ്രസീലിയൻ ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഏതായാലും എൻഡ്രിക്കിന് ഇപ്പോൾ തലവേദന ഒഴിയുന്നില്ല. മോശം പ്രകടനത്തിന് പിന്നാലെ ഈ വിവാദവും അരങ്ങേറിയത് താരത്തെ സംബന്ധിച്ചിടത്തോളം കാര്യങ്ങളെ സങ്കീർണ്ണമാക്കുകയാണ് ചെയ്തിട്ടുള്ളത്.