എന്ത് കൊണ്ട് ബാഴ്സ വിട്ട് റയലിൽ ചേർന്നു? പ്രതികരണവുമായി ഫിഗോ
ഫുട്ബോൾ ലോകത്ത് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴി വെച്ച ഒരു ട്രാൻസ്ഫർ ആയിരുന്നു ലൂയിസ് ഫിഗോ ബാഴ്സ വിട്ട് ചിരവൈരികളായ റയലിലേക്ക് നേരിട്ട് ചേർന്നത്. ഇത് ബാഴ്സ ഫാൻസിന്റെ ഇടയിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെക്കും ക്യാമ്പ്നൗവിൽ തിരികെ മത്സരത്തിനായി താരം എത്തിയ സമയത്ത് താരത്തിനോട് മോശമായ രീതിയിൽ ബാഴ്സ ആരാധകർ പെരുമാറിയതുമൊക്കെ ഇന്നും ചർച്ചാവിഷയമാണ്. എന്നാൽ എന്ത് കൊണ്ട് അത്ര ബുദ്ദിമുട്ടേറിയ ഒരു തീരുമാനം അന്നെടുത്തു എന്ന ചോദ്യത്തിന് ഉത്തരവുമായി വന്നിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ലൈവിൽ വന്ന സമയത്താണ് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. നിങ്ങളെ ആരും അംഗീകരിക്കാനാവാതെ വരുമ്പോൾ നിങ്ങൾക്ക് ചില തീരുമാനങ്ങൾ എടുക്കേണ്ടി വന്നേക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
” അതൊരു പ്രയാസമേറിയ, എന്നാൽ നിർണായകമായ തീരുമാനമായിരുന്നു. എനിക്ക് ഒരുപാട് നല്ല കാര്യങ്ങൾ സമ്മാനിച്ച ഒരു നഗരത്തെയാണ് ഞാൻ പിരിഞ്ഞു പോന്നത്. പക്ഷെ നിങ്ങൾ എല്ലാം നന്നായി ചെയ്തിട്ട് അംഗീകരിക്കപ്പെടാനാവാതെ പോവുകയും, അതേ സമയം തന്നെ വലിയ ക്ലബുകളിൽ നിന്ന് നല്ല ഓഫറുകൾ നിങ്ങളെ തേടി വരികയും ചെയ്യുന്ന സന്ദർഭത്തിൽ നിങ്ങൾക്ക് മറ്റൊരു ക്ലബ്ബിനെ പറ്റി ചിന്തിക്കേണ്ടി വന്നേക്കും ” ഇതായിരുന്നു ഫിഗോ ആ സംഭവവികാസത്തെ കുറിച്ച് പറഞ്ഞത്. റയലിൽ തന്നോടൊപ്പം കളിച്ച സഹതാരങ്ങളെ പറ്റി മനസ്സ് തുറക്കാനും അദ്ദേഹം സമയം കണ്ടെത്തി. റൊണാൾഡോ, സിദാൻ, റൗൾ എന്നിവരോടൊപ്പമുള്ള അനുഭവങ്ങൾ മികച്ചതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു