എന്തിനാണ് എന്നോട് വിവേചനം? മെസ്സിക്കും യുവതാരത്തിനും ഒരേ നിയമമാണ്: മൊറിഞ്ഞോ
കഴിഞ്ഞ യൂറോപ ലീഗ് ഫൈനലിൽ സെവിയ്യയും റോമയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ റോമ പരാജയപ്പെട്ടു. അതിനുശേഷം ആ മത്സരം നിയന്ത്രിച്ചിരുന്ന റഫറി ആന്റണി ടൈലറെ റോമ പരിശീലകനായിരുന്ന മൊറിഞ്ഞോ വളരെ രൂക്ഷമായ രീതിയിൽ വിമർശിച്ചിരുന്നു. ഇത് യുവേഫക്ക് പിടിച്ചിരുന്നില്ല. നാല് മത്സരങ്ങളിൽ അദ്ദേഹത്തിന് വിലക്ക് നൽകുകയും ചെയ്തു. നിലവിൽ തുർക്കിഷ് ക്ലബ്ബായ ഫെനർബാഷെയുടെ പരിശീലകനാണ് മൊറിഞ്ഞോ.
യൂറോപ ലീഗിൽ നടന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയുള്ള മത്സരത്തിൽ പരിശീലകനായ മൊറിഞ്ഞോക്ക് റെഡ് കാർഡ് കാണേണ്ടി വന്നിരുന്നു. ഇക്കാര്യത്തിൽ വലിയ വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ട് അദ്ദേഹം രംഗത്ത് വന്നിട്ടുണ്ട്.യുവേഫ തന്നോട് മാത്രം വിവേചനം കാണിക്കുന്നു എന്നാണ് അദ്ദേഹം ആരോപിച്ചിട്ടുള്ളത്. എല്ലാവർക്കും നിയമം ഒരുപോലെ ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഉദാഹരണമായി കൊണ്ട് മെസ്സിയെയും യുവതാരത്തെയുമാണ് അദ്ദേഹം പരാമർശിച്ചിട്ടുള്ളത്.മൊറിഞ്ഞോയുടെ വാക്കുകൾ ഇങ്ങനെയാണ്.
“യൂറോപ്പിൽ ഞാൻ പ്രശ്നത്തിലാണ് എന്നാണ് എനിക്ക് മനസ്സിലാകുന്നത്. ആ ഫൈനലിന് ശേഷം എന്നെ ട്രീറ്റ് ചെയ്യുന്ന രീതി വേറെയാണ്.എനിക്ക് സ്പെഷ്യൽ ട്രീറ്റ്മെന്റ് ഒന്നും വേണ്ട.സാധാരണ രീതിയിലുള്ള ട്രീറ്റ്മെന്റ് മതി. ഞാൻ എന്തെങ്കിലും തെറ്റ് ചെയ്താൽ അതിന് ശിക്ഷ നൽകണം.തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് ശിക്ഷ നൽകുന്നത്. എല്ലാവരെയും ട്രീറ്റ് ചെയ്യുന്നതുപോലെയുള്ള ഒരു ട്രീറ്റ് ഞാനും അർഹിക്കുന്നുണ്ട്. കളിക്കളത്തിൽ കളിക്കുന്നത് മെസ്സിയാണോ അതല്ലെങ്കിൽ യുവതാരമാണോ എന്ന് വ്യത്യാസമില്ലല്ലോ? മെസ്സി ആണെങ്കിലും യുവതാരം ആണെങ്കിലും ഒരു നിയമമായിരിക്കും.പരിശീലകരുടെ കാര്യത്തിലും അങ്ങനെ തന്നെയാണ് വേണ്ടത്. എല്ലാവർക്കും ഒരേ നിയമമായിരിക്കണം ” ഇതാണ് മൊറിഞ്ഞോ പറഞ്ഞിട്ടുള്ളത്.
അതായത് യുവേഫ തന്നെ വേട്ടയാടുന്നു,ഒരു കാരണവുമില്ലാതെ ശിക്ഷിക്കുന്നു എന്നൊക്കെയാണ് ഇദ്ദേഹം ആരോപിച്ചിട്ടുള്ളത്.മൊറിഞ്ഞോക്ക് കീഴിൽ ഫെനർബാഷെ ഭേദപ്പെട്ട പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 9 മത്സരങ്ങളിൽ നിന്ന് 20 പോയിന്റ് ഉള്ള അവർ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.