എനിക്ക് കിട്ടേണ്ട ബാലൺഡി’ഓർ, മെസ്സി നേടിയത് അനീതി: അവകാശവാദവുമായി മുൻ റയൽ താരം.

ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരം ലയണൽ മെസ്സിയാണ് സ്വന്തമാക്കിയത്.ഹാലന്റിനെയായിരുന്നു മെസ്സി പിന്തള്ളിയിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ വലിയ വിമർശനങ്ങൾ ഫുട്ബോൾ ലോകത്ത് ഉയർന്നിരുന്നു. മെസ്സിയെക്കാൾ പുരസ്കാരത്തിന് അർഹത ഹാലന്റിനായിരുന്നുവെന്ന് പലരും വാദിച്ചിരുന്നു. മാത്രമല്ല മുൻപ് ലയണൽ മെസ്സി കരസ്ഥമാക്കിയ ബാലൺഡി’ഓറുകളിലെ അർഹതയും ഇതിനോടൊപ്പം ചർച്ച ചെയ്യപ്പെട്ടിരുന്നു.

മുൻപ് റയൽ മാഡ്രിഡിന് വേണ്ടിയും ഇന്റർമിലാന് വേണ്ടിയും ഒക്കെ കളിച്ചിട്ടുള്ള ഡച്ച് സൂപ്പർതാരമാണ് വെസ്ലി സ്നൈഡർ.2009-10 സീസൺ അദ്ദേഹത്തിന്റെ സുവർണ്ണ കാലഘട്ടം ആയിരുന്നു. ഇന്റർ മിലാനോടൊപ്പം ചാമ്പ്യൻസ് ലീഗും കോപ്പ ഇറ്റാലിയയും സിരി എയും അദ്ദേഹം സ്വന്തമാക്കിയിരുന്നു.വേൾഡ് കപ്പിൽ ഫൈനലിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ ബാലൺഡി’ഓർ പോരാട്ടത്തിൽ ലയണൽ മെസ്സി ഒന്നാമതെത്തുകയും സ്നൈഡർ നാലാമത് ഫിനിഷ് ചെയ്യുകയുമായിരുന്നു ചെയ്തിരുന്നത്. ഇക്കാര്യത്തിൽ അദ്ദേഹം ഇപ്പോൾ അവകാശവാദവുമായി രംഗത്തു വന്നിട്ടുണ്ട്.മെസ്സിക്ക് ബാലൺഡി’ഓർ നൽകിയത് അനീതിയാണ് എന്നായിരുന്നു സ്നൈഡർ പറഞ്ഞിരുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“2010ലെ ബാലൺഡി’ഓർ പുരസ്കാരം എനിക്ക് കിട്ടിയില്ല എന്നത് തീർത്തും അന്യായമായ ഒരു കാര്യമാണ്.ലയണൽ മെസ്സിക്ക് അവർ നൽകിയത് അനീതിയാണ്.പക്ഷേ എനിക്ക് കിട്ടിയില്ല എന്നും പറഞ്ഞ് കരയുന്ന ഒരാളല്ല ഞാൻ.ബാലൺഡി’ഓർ എന്നത് ഒരു വ്യക്തിഗത അവാർഡ് ആണ്. ടീമിനോടൊപ്പം ഉള്ള നേട്ടങ്ങൾക്കാണ് ഞാൻ എപ്പോഴും മുൻഗണന കൽപ്പിക്കാറുള്ളത്. ചാമ്പ്യൻസ് ലീഗ് കിരീടം,ബാലൺഡി’ഓർ പുരസ്കാരം എന്നിവയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഞാൻ ചാമ്പ്യൻസ് ലീഗാണ് തിരഞ്ഞെടുക്കുക.അന്ന് ചാമ്പ്യൻസ് ലീഗ് നേടാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. വേൾഡ് കപ്പ് ഫൈനലിൽ സ്പെയിനിനെതിരെ ഞങ്ങൾ വിജയം അർഹിച്ചിരുന്നു. ആ പരാജയം എന്റെ ഹൃദയം തകർക്കുകയായിരുന്നു. വേൾഡ് കപ്പ് സ്വന്തമാക്കുക എന്നത് എന്റെ ഒരു സ്വപ്നമായിരുന്നു “സ്നൈഡർ പറഞ്ഞു.

2010ൽ മെസ്സി തന്റെ കരിയറിലെ രണ്ടാമത്തെ ബാലൺഡി’ഓർ പുരസ്കാരമായിരുന്നു സ്വന്തമാക്കിയിരുന്നത്. അന്ന് മെസ്സി ലാലിഗ കിരീടമായിരുന്നു ബാഴ്സക്കൊപ്പം സ്വന്തമാക്കിയിരുന്നത്. ഇന്ന് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺഡി’ഓർ നേടിയ താരം ലയണൽ മെസ്സിയാണ്. 8തവണയാണ് മെസ്സി ഈ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *