ഈ വേദിയിൽ ഇങ്ങനെ സംസാരിക്കേണ്ടി വരുന്നതിൽ സങ്കടമുണ്ട് : സോക്രട്ടീസ് അവാർഡ് ജേതാവ് വിനീഷ്യസ് ജൂനിയർ പറയുന്നു.

റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയറാണ് ഈ വർഷത്തെ സോക്രട്ടീസ് അവാർഡിന് അർഹനായിരിക്കുന്നത്.ഇന്നലത്തെ ബാലൺഡി’ഓർ സെറിമണിയിൽ വിനീഷ്യസിന് ഈ പുരസ്കാരം സമ്മാനിക്കുകയായിരുന്നു.മികച്ച സാമൂഹ്യ സേവനത്തിനുള്ള പുരസ്കാരമാണ് സോക്രട്ടീസ് അവാർഡ്.വിനീഷ്യസ് നടത്തുന്ന ഇൻസ്റ്റിറ്റ്യൂഷനിൽ നിരവധി വിദ്യാർത്ഥികൾ സൗജന്യമായി പഠിക്കുന്നുണ്ട്. മാത്രമല്ല മറ്റു പല സാമൂഹിക പ്രവർത്തനങ്ങൾക്കുമായാണ് വിനിക്ക് ഈ അവാർഡ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ നൽകിയിരിക്കുന്നത്.

ഈ അവാർഡ് നേടിയതിനു ശേഷം പല കാര്യങ്ങളെക്കുറിച്ചും വിനീഷ്യസ് സംസാരിച്ചിട്ടുണ്ട്. പ്രധാനമായും റേസിസത്തിനെതിരെ തന്നെയാണ് ഈ താരം സംസാരിച്ചിട്ടുള്ളത്. ഈ വേദിയിൽ റേസിസത്തിനെതിരെ സംസാരിക്കേണ്ടി വരുന്നതിൽ സങ്കടമുണ്ട് എന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം ആരംഭിച്ചിരുന്നത്.വിനിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” എപ്പോഴും റേസിസത്തിനെതിരെ സംസാരിക്കേണ്ടി വരുന്നു എന്നത് ഒരല്പം അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു കാര്യമാണ്. പക്ഷേ ആവശ്യമായ സന്ദർഭങ്ങളിൽ അതിനെ കുറിച്ച് സംസാരിക്കാൻ ഞാൻ തയ്യാറാണ്. എല്ലാ കറുത്ത വംശജക്കാരും കരുത്തോടെ ഇരിക്കണം. ഞാൻ നിങ്ങൾക്ക് വേണ്ടി പോരാടുന്നുണ്ട്. എല്ലാ താരങ്ങൾക്കും ഞങ്ങളെ സഹായിക്കാൻ കഴിയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.എപ്പോഴും ഇതേക്കുറിച്ച് സംസാരിക്കേണ്ടി വരുന്നു എന്നുള്ളത് സങ്കടകരമായ ഒരു അവസ്ഥയാണ്.ഫുട്ബോളിനെ കുറിച്ച് സംസാരിക്കാനാണ് എനിക്കിഷ്ടം.ഒരുപാട് മഹാരഥന്മാരായ ഫുട്ബോളർമാർ ഇവിടെയുണ്ട്. പക്ഷേ ഇവിടെ ഇങ്ങനെ സംസാരിക്കേണ്ടി വരുന്നതിൽ സങ്കടം ഉണ്ട്. ഇതിനെതിരെ പോരാടാനും നമ്മുടെ കുട്ടികൾക്ക് ഭാവിയിൽ ഉണ്ടാകാൻ പോകുന്ന ബുദ്ധിമുട്ടുകൾ കുറക്കാൻ വേണ്ടിയും ഞാൻ എല്ലാവരോടും സഹായം അഭ്യർത്ഥിക്കുകയാണ് ” ഇതാണ് വിനീഷ്യസ് പറഞ്ഞിട്ടുള്ളത്.

സ്പെയിനിൽ വെച്ചുകൊണ്ട് നിരന്തരം വംശീയമായ അധിക്ഷേപങ്ങൾക്ക് ഇരയാവുന്ന താരമാണ് വിനീഷ്യസ് ജൂനിയർ. കഴിഞ്ഞ സെവിയ്യക്കെതിരെയുള്ള മത്സരത്തിലും ബാഴ്സക്കെതിരെയുള്ള മത്സരത്തിലുമൊക്കെ ഇദ്ദേഹത്തിന് നേരെ ആരാധകരുടെ വംശീയമായ അധിക്ഷേപങ്ങൾ ഉണ്ടായിരുന്നു. അതിനെതിരെയുള്ള പോരാട്ടം ഈ ബ്രസീലിയൻ സൂപ്പർ താരം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *