ഇന്റർ കോണ്ടിനെന്റൽ കപ്പ്,റയലിന് ലഭിച്ച വേദിയും തീയതിയും അർജന്റീനയെ ഓർമിപ്പിക്കുന്നത്!
ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് ഇത്തവണ പുതിയ ഫോർമാറ്റിലാണ് നടക്കുന്നത്.32 ടീമുകൾ ആകെ പങ്കെടുക്കുന്നുണ്ട്. പഴയ ഫോർമാറ്റിൽ ഉണ്ടായിരുന്ന ഫിഫ ക്ലബ് വേൾഡ് കപ്പ് ഇനിമുതൽ ഫിഫ ഇന്റർ കോണ്ടിനെന്റൽ കപ്പ് എന്നാണ് അറിയപ്പെടുക. സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് ഈ കോമ്പറ്റീഷന്റെ ഫൈനലിലേക്ക് നേരിട്ട് യോഗ്യത സ്വന്തമാക്കിയിട്ടുണ്ട്.
ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതുകൊണ്ടാണ് റയൽ മാഡ്രിഡ് ഫൈനലിലേക്ക് നേരിട്ട് യോഗ്യത കരസ്ഥമാക്കിയിട്ടുള്ളത്. അതേസമയം ഫൈനലിലെ എതിരാളികൾ ആരാണ് എന്നുള്ളത് തീരുമാനമായിട്ടില്ല. സെമി ഫൈനൽ പോരാട്ടത്തിൽ ഒരു ഭാഗത്ത് അൽ അഹ്ലിയുണ്ട്.മറുഭാഗത്തെ എതിരാളികൾ തീരുമാനമായിട്ടില്ല.ആ സെമിഫൈനൽ പോരാട്ടത്തിലെ വിജയികളെയായിരിക്കും റയൽ മാഡ്രിഡിന് ഫൈനലിൽ നേരിടേണ്ടി വരിക.
ഈ ഫൈനൽ മത്സരത്തിന്റെ തീയതിയും വേദിയും ഇപ്പോൾ ഫിഫ ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ പതിനെട്ടാം തീയതിയാണ് ഈ കലാശ പോരാട്ടം നടക്കുക. ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ ഫൈനൽ മത്സരം നടക്കുക. ഈ സ്റ്റേഡിയവും തീയതിയും അർജന്റീനയെ ഓർമിപ്പിക്കുന്നതാണ്. അതായത് 2022 വേൾഡ് കപ്പ് ഫൈനൽ ഇതേ സ്റ്റേഡിയത്തിൽ ഡിസംബർ പതിനെട്ടാം തീയതി ആയിരുന്നു നടന്നിരുന്നത്.അന്ന് അവിടെയാണ് അർജന്റീന കിരീടം ഉയർത്തിയത്. രണ്ട് വർഷങ്ങൾക്കിപ്പുറം റയൽ മാഡ്രിഡ് അതേ സ്റ്റേഡിയത്തിൽ അതേ ദിവസം മറ്റൊരു ഫൈനലിന് ഇറങ്ങുകയാണ്.
അന്ന് വേൾഡ് കപ്പ് നഷ്ടമായ കിലിയൻ എംബപ്പേ ഈ ഫൈനലിൽ റോയൽ മാഡ്രിഡിന്റെ നിരയിൽ ഇറങ്ങിയേക്കും.റയലിനെ സംബന്ധിച്ചിടത്തോളം ഇത് ഒരല്പം ബുദ്ധിമുട്ടേറിയ സമയമാണ്.ഈയിടെ വലിയ തോൽവികൾ അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എന്നാൽ ഒരു ശക്തമായ തിരിച്ചുവരവ് റയൽ മാഡ്രിഡ് നടത്തണമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ഈ സീസണിൽ യുവേഫ സൂപ്പർ കപ്പ് റയൽ മാഡ്രിഡ് സ്വന്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഇന്റർ കോണ്ടിനെന്റൽ കപ്പ് അവർ ലക്ഷ്യം വെക്കുന്നത്.