അർജന്റീന താരത്തിൽ കണ്ണുവെച്ച് ബാഴ്സയും അത്ലറ്റികോ മാഡ്രിഡും

അയാക്സിന്റെ അർജന്റൈൻ പ്രതിരോധനിര താരമായ നിക്കോളാസ് ടാഗ്ലിയാഫിക്കോയിൽ കണ്ണുവെച്ച് സ്പാനിഷ് വമ്പൻമാർ. ബാഴ്സലോണയും അത്ലറ്റികോ മാഡ്രിഡുമാണ് താരത്തെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ച് ഇപ്പോൾ മുന്നോട്ട് വന്നിട്ടുള്ളത്. ഈ സമ്മർ ട്രാൻസ്ഫറോടെ അയാക്സ് വിടാൻ താരം തീരുമാനിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് വേണ്ടി സ്പാനിഷ് ക്ലബുകൾ ശ്രമം ആരംഭിച്ചത്.

27 കാരനായ താരത്തിന്റെ ട്രാൻസ്ഫർ വാർത്തകൾ പുറത്തുവിട്ടത് മാർകോ ടിമ്മറാണ്. അദ്ദേഹത്തെ ഉദ്ധരിച്ചു കൊണ്ട് അർജന്റൈൻ മാധ്യമമായ മുണ്ടോ ആൽബിസെലസ്റ്റയും ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. കാര്യമായ പ്രശ്നങ്ങൾ ഉള്ള അർജന്റീന പ്രതിരോധനിരക്ക് മുതൽകൂട്ടാവാൻ താരത്തിന് കഴിയുമെന്നാണ് കണക്കുകൂട്ടലുകൾ. എന്നാൽ സാമ്പത്തികപ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ബാഴ്സ എത്രത്തോളം താരത്തിന് വേണ്ടി ശ്രമിക്കും എന്നുള്ളത് വലിയ ചോദ്യചിഹ്നമാണ്. അതേ സമയം അത്ലറ്റികോയുടെ അർജന്റൈൻ പരിശീലകൻ സിമിയോണിക്ക് താല്പര്യമുള്ള താരമാണ് ടാഗ്ലിയാഫിക്കോ.

Leave a Reply

Your email address will not be published. Required fields are marked *