അത് കള്ളക്കഥ : പ്രസ്താവനയിറക്കി പിഎസ്ജി വനിതാ താരം!

ദിവസങ്ങൾക്ക്‌ മുമ്പായിരുന്നു പിഎസ്ജിയുടെ വനിതാ ടീമിൽ നിന്നും ഞെട്ടിക്കുന്ന ഒരു വാർത്ത പുറത്ത് വന്നിരുന്നു. പിഎസ്ജിയുടെ താരമായ ഹംറൗയിയെ രണ്ട് പേർ ആക്രമിക്കുകയായിരുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ചത് സഹതാരമായ അമിനാറ്റ ഡിയാലോയാണ് എന്ന സംശയത്തിൽ പോലീസ് അവരെ കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ ഡിയാലോയെ ചോദ്യം ചെയ്തതിൽ നിന്നും പോലീസിന് ഒന്നും ലഭിച്ചിരുന്നില്ല. തുടർന്ന് ഇവരെ പോലീസ് കേസ് ചാർജ് ചെയ്യാതെ വിട്ടിരുന്നു.

ഇതിന് പിന്നാലെ ഡിയാലോ ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ട്. തനിക്കെതിരെയുള്ള ആരോപണങ്ങൾ എല്ലാം തന്നെ മാധ്യമങ്ങളുടെ സൃഷ്ടിയായിരുന്നുവെന്നും വേണ്ടി വന്നാൽ മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു ഇവർ സ്റ്റേറ്റ്മെന്റിൽ അറിയിച്ചത്. അഭിഭാഷകർ മുഖേനയാണ് ഡിയാലോ പ്രസ്താവന ഇറക്കിയത്. അതിങ്ങനെയാണ്.

” ഡിയാലോയും ഹംറൗയിയും തമ്മിൽ ശത്രുതയുണ്ടെന്നും അത്കൊണ്ട് തന്നെ ഡയാലോക്ക്‌ ഈ കേസിൽ പങ്കുണ്ട് എന്നുള്ളത് തീർത്തും കെട്ടിച്ചമച്ച ഒരു കാര്യമാണ്.ഇത്തരം കള്ളകഥകൾ അവരുടെ യഥാർത്ഥ ബന്ധത്തെ ബാധിക്കുകയില്ല.മാധ്യമങ്ങൾ പടച്ചു വിട്ട ഈ ഊഹാപോഹങ്ങളെ ഞങ്ങൾ ശക്തമായ രീതിയിൽ അപലപിക്കുന്നു.വേണമെങ്കിൽ ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും ഡിയാലോ മടിക്കില്ല ” ഇതാണ് ഡിയാലോയുടെ അഭിഭാഷകർ പുറത്ത് വിട്ട സ്റ്റേറ്റ്മെന്റിൽ ഉള്ളത്.

ഏതായാലും ഈ കേസിലെ കൂടുതൽ വിശദീകരണങ്ങൾക്ക്‌ കാത്തിരിക്കേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *