മെസ്സി ഒരു തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ മനസ്സ് മാറ്റൽ അസാധ്യം, മുൻ ബാഴ്‌സ-റയൽ താരം പറയുന്നു !

ബാഴ്‌സയിൽ നിന്നും നേരിട്ട് ചിരവൈരികളായ റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ താരമായിരുന്നു ലൂയിസ് ഫിഗോ. അതിനെ തുടർന്ന് ഒരുപാട് വിവാദങ്ങൾ ഫുട്ബോൾ ലോകത്ത് ഉയർന്നിരുന്നു. ഇപ്പോഴിതാ മെസ്സിയുടെ ട്രാൻസ്ഫർ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ഈ പോർച്ചുഗീസ് ഇതിഹാസം. മെസ്സി ക്ലബ് വിടാൻ തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ മനസ്സ് മാറ്റൽ അസാധ്യമാണ് എന്നാണ് ഇദ്ദേഹം തുറന്നു പറഞ്ഞത്. കഴിഞ്ഞ ദിവസം മാർക്കക്ക്‌ നൽകിയ അഭിമുഖത്തിലാണ് ഫിഗോ മെസ്സിയുടെ ട്രാൻസ്ഫർ വാർത്തകളെ കുറിച്ച് സംസാരിച്ചത്. മെസ്സിയുടെ ട്രാൻസ്ഫർ വാർത്തകൾ തന്നെ ശരിക്കും ഞെട്ടിപ്പിക്കുന്നത് ആയിരുന്നുവെന്നും എന്നാൽ മെസ്സി തുടരാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അദ്ദേഹത്തിന്റെ മനസ്സ് മാറ്റാൻ ആർക്കും സാധിക്കില്ല എന്നാണ് ഫിഗോ അറിയിച്ചത്.

“എല്ലാ ഫുട്ബോൾ ആരാധകരെ പോലെയും ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മെസ്സി ബാഴ്സ വിടാനുള്ള ശ്രമങ്ങൾ നടത്തിയത് ഞാനും കണ്ടിരുന്നു. അത് ഏറെ അത്ഭുതപ്പെടുത്തുന്നതും ഞെട്ടിക്കുന്നതുമായിരുന്നു. അദ്ദേഹത്തിന് ആ തീരുമാനം എടുക്കാൻ തക്കതായ കാരണങ്ങളും പ്രചോദനവുമുണ്ടാകാം. പക്ഷെ എന്താണ് മെസ്സിക്കും ബാഴ്സക്കുമിടയിൽ സംഭവിച്ചതെന്ന് എനിക്കറിയില്ല. മെസ്സിയെ പോലെയുള്ള ഒരു താരത്തെ എല്ലാ ക്ലബുകളും ആഗ്രഹിക്കുന്നുണ്ട്. പക്ഷെ അത് ആ ക്ലബ്ബിന്റെ നിലവിലെ സാമ്പത്തികസാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് നിലകൊള്ളുന്നത്. അദ്ദേഹത്തിന് വേണ്ടിയുള്ള പണവും അദ്ദേഹത്തിന് നൽകേണ്ട പണവും ആവിശ്യമാണ്. പക്ഷെ സാധാരണഗതിയിൽ നിങ്ങൾ ഒരിടത്ത്‌ തുടരാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ നിങ്ങളുടെ മനസ്സ് മാറ്റാൻ ആർക്കും സാധിക്കില്ല ” ഫിഗോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *