വരാനെയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് കരാറിലെത്തി?

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു റയലിന് തങ്ങളുടെ ഡിഫൻഡറായ സെർജിയോ റാമോസിനെ നഷ്ടമായത്. ഫ്രീ ഏജന്റായി കൊണ്ടാണ് റാമോസ് പിഎസ്ജിയിലേക്ക് ചേക്കേറിയത്. ഇപ്പോഴിതാ മറ്റൊരു ഡിഫൻഡറെ കൂടി റയലിന് നഷ്ടമാവാൻ സാധ്യതയുണ്ട്. ഫ്രഞ്ച് താരമായ റാഫേൽ വരാനെ റയൽ വിടാനുള്ള സാധ്യതകൾ വർധിച്ചു വരികയാണ്. പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡുമായി വരാനെ അനൗദ്യോഗിക കരാറിൽ എത്തിയതായാണ് ഏറ്റവും പുതിയ വാർത്തകൾ. പ്രമുഖ മാധ്യമമായ ടിഎഫ് വണ്ണാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

അടുത്ത സമ്മറിലാണ് വരാനെയുടെ റയലുമായുള്ള കരാർ അവസാനിക്കുക. താരം കരാർ പുതുക്കുന്നില്ല എങ്കിൽ ഈ സമ്മറിൽ തന്നെ താരത്തെ വിൽക്കാനാണ് റയലിന്റെ പദ്ധതി. അല്ലാത്ത പക്ഷം റയലിന് സാമ്പത്തികനഷ്ടമുണ്ടാക്കും. അത്കൊണ്ട് തന്നെ 80 മില്യൺ യൂറോയാണ് നിലവിൽ താരത്തിന് വേണ്ടി റയൽ ആവിശ്യപ്പെടുന്നത്. ഇത്‌ യുണൈറ്റഡ് നൽകാൻ തയ്യാറാവുമോ എന്നുള്ളത് വ്യക്തമല്ല. പക്ഷേ വരാനെയുമായി യുണൈറ്റഡ് അധികൃതർ സംസാരിക്കുകയും താരം പേഴ്സണൽ ടെംസ് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.അഞ്ച് വർഷത്തെ കരാറിലായിരിക്കും താരം ഒപ്പ് വെക്കുക.അതേസമയം റയലിൽ സമ്മർദ്ദം ചെലുത്താൻ വരാനെ തയ്യാറായേക്കില്ല. കാര്യങ്ങൾ ഭംഗിയായി നിറവേറ്റാനാണ് വരാനെ ആഗ്രഹിക്കുന്നത്. കഴിഞ്ഞ ദിവസം താരം റയലിനൊപ്പം പരിശീലനം ആരംഭിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *