ലൗറ്ററോ മാർട്ടിനസിന് ആവശ്യക്കാരേറുന്നു, വമ്പന്മാർ രംഗത്ത്!
സമീപകാലത്ത് മികച്ച പ്രകടനം നടത്തിക്കൊണ്ട് ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളാവാൻ ഇന്റർ മിലാന്റെ അർജന്റൈൻ സൂപ്പർ താരമായ ലൗറ്ററോ മാർട്ടിനെസ്സിന് സാധിച്ചിരുന്നു. താരത്തെ സ്വന്തമാക്കാൻ വേണ്ടി നേരത്തെ തന്നെ എഫ്സി ബാഴ്സലോണ വലിയ ശ്രമങ്ങൾ നടത്തിയിരുന്നു.എന്നാൽ ഇന്റർ മിലാൻ വിട്ട് നൽകാതിരിക്കുകയായിരുന്നു.
ഇപ്പോഴിതാ ലൗറ്ററോ മാർട്ടിനസ് വീണ്ടും ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമാകുകയാണ്.താരത്തിൽ താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി, പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവർ രംഗത്ത് വന്നിട്ടുണ്ട്. ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Report: Manchester United, PSG Taking Early Steps to Land Inter Milan Goal Scorer https://t.co/pBohl7JNsC
— PSG Talk (@PSGTalk) October 15, 2022
ഒരു നമ്പർ നയൻ സ്ട്രൈക്കർ ആയിക്കൊണ്ട് കളിക്കാൻ തനിക്ക് താല്പര്യമില്ലെന്നും കളിക്കളത്തിൽ കൂടുതൽ സ്വാതന്ത്ര്യം വേണമെന്നുള്ള ആവശ്യം പിഎസ്ജിയുടെ സൂപ്പർ താരമായ എംബപ്പേ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ സ്ട്രൈക്കർ പൊസിഷനിലേക്ക് ലൂയിസ് കാമ്പോസിന് താൽപര്യം ലൗറ്ററോയിലാണ്. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു മികച്ച സ്ട്രൈക്കറെ ആവശ്യമുണ്ട്.ആ സ്ഥാനത്തേക്കാണ് ഇപ്പോൾ ഈ അർജന്റീന സൂപ്പർതാരത്തെ ഇവർ പരിഗണിക്കുന്നത്.
2026 വരെയാണ് താരത്തിന് ക്ലബ്ബുമായി കരാർ അവശേഷിക്കുന്നത്.താരത്തെ പറ്റിയുള്ള അന്വേഷണങ്ങളാണ് ഈ ക്ലബ്ബുകൾ ഇന്റർമിലാനുമായി നടത്തിയിട്ടുള്ളത്. എന്നാൽ ഇപ്പോൾ തന്നെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തേണ്ട എന്ന നിലപാടിലാണ് ലൗറ്ററോ ഉള്ളത്. ഈ സീസണിന് ശേഷം മാത്രമായിരിക്കും ലൗറ്ററോ തന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുക. ഈ സീസണിൽ നാല് ഗോളുകളാണ് താരം നേടിയിട്ടുള്ളത്. വരുന്ന ഖത്തർ വേൾഡ് കപ്പിൽ അർജന്റീനയുടെ മുന്നേറ്റ നിരയിൽ സ്ഥാനം ഉറപ്പായിട്ടുള്ള താരം കൂടിയാണ് ലൗറ്ററോ മാർട്ടിനസ്.