ലിംഗാർഡ് ജനുവരിയിൽ യുണൈറ്റഡ് വിട്ടേക്കും, ക്ലബ്ബിലെത്തിക്കാൻ സ്പാനിഷ് വമ്പൻമാർ !

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് മിഡ്‌ഫീൽഡർ ജെസെ ലിംഗാർഡ് ക്ലബ് വിടുന്നു. ഈ ജനുവരി ട്രാൻസ്ഫറിൽ ലോൺ അടിസ്ഥാനത്തിൽ കൂടുമാറാനാണ് ലിംഗാർഡ് ഉദ്ദേശിക്കുന്നത്. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ സ്കൈ സ്പോർട്സ് ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. മാഞ്ചസ്റ്ററിൽ അവസരങ്ങൾ ലഭ്യമാവാത്തതിനാലാണ് താരം ക്ലബ് വിടാൻ തീരുമാനിച്ചിരിക്കുന്നത്.

സ്പാനിഷ് വമ്പൻമാരായ റയൽ സോസിഡാഡാണ് നിലവിൽ താരത്തിന് വേണ്ടി രംഗത്തുള്ളത്. താരത്തിന്റെ പ്രതിനിധികളുമായി സോസിഡാഡ് അധികൃതർ ചർച്ച ആരംഭിച്ചു കഴിഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഈ വരുന്ന സമ്മർ ട്രാൻസ്ഫറിൽ താരം ഫ്രീ ഏജന്റ് ആവും. അതിനാൽ തന്നെ ഇരുപത്തിയേഴുകാരനായ താരം ലോണിൽ ചേക്കേറുന്ന ക്ലബ്ബിൽ തന്നെ സ്ഥിരമാക്കാൻ ശ്രമങ്ങൾ നടത്തിയേക്കും.

നിലവിൽ ലാലിഗയിൽ രണ്ടാം സ്ഥാനത്തുള്ള ക്ലബാണ് സോസിഡാഡ്. ലിംഗാർഡിനെ എത്തിക്കാൻ കഴിഞ്ഞാൽ ടീമിന് മുതൽകൂട്ടാവുമെന്നാണ് ക്ലബ് വിശ്വസിക്കുന്നത്. മാഞ്ചസ്റ്ററിലൂടെ കരിയർ ആരംഭിച്ച ലിംഗാർഡ് ഒട്ടേറെ തവണ ലോണിൽ മറ്റു ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ലെസ്റ്റർ സിറ്റി, ബിർമിങ്ഹാം, ബ്രൈറ്റൻ, ഡെർബി കൗണ്ടി എന്നിവർക്ക്‌ വേണ്ടിയൊക്കെ ലിംഗാർഡ് കളിച്ചിട്ടുണ്ട്.

ഈ സീസണിൽ ഒരൊറ്റ പ്രീമിയർ ലീഗ് മത്സരമോ ചാമ്പ്യൻസ് ലീഗ് മത്സരമോ യുണൈറ്റഡിന് വേണ്ടി കളിക്കാൻ താരത്തിന് സാധിച്ചിട്ടില്ല. കൂടാതെ വെയ്ജ് ബിൽ കുറക്കുന്നതിന്റെ ഭാഗമായി താരത്തെ വിൽക്കാൻ തന്നെയാണ് യുണൈറ്റഡിന്റെ തീരുമാനം.യുണൈറ്റഡിന് വേണ്ടി 209 മത്സരങ്ങൾ കളിച്ച താരം 33 ഗോളുകൾ ആകെ നേടിയിട്ടുണ്ട്. എന്നാൽ ഡിസംബർ 2018-ന് ശേഷം കേവലം ഒരു ഗോൾ മാത്രമാണ് താരത്തിന് നേടാൻ സാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *