റാമോസിനെ വേണം, റയലിലെ സാഹചര്യങ്ങളെ പിന്തുടർന്ന് പ്രീമിയർ ലീഗ് വമ്പൻമാർ !

ഈ വരുന്ന ജൂൺ മുപ്പതോട് കൂടി റയൽ മാഡ്രിഡ്‌ നായകനും പ്രതിരോധനിര താരവുമായ സെർജിയോ റാമോസ് ഫ്രീ ഏജന്റാവും. താരത്തിന്റെ റയൽ മാഡ്രിഡിലുള്ള കരാർ ഈ വർഷത്തോട് കൂടി അവസാനിക്കാനിരിക്കുകയാണ്. മാത്രമല്ല, ജനുവരി ഒന്ന് മുതൽ മറ്റേത് ക്ലബുമായി ചർച്ചകൾ നടത്താനും പ്രീ കോൺട്രാക്ടിൽ ഏർപ്പെടാനും റാമോസിന് അധികാരം ലഭിച്ചിട്ടുണ്ട്. അതിനാൽ തന്നെ റാമോസിനെ തങ്ങളുടെ തട്ടകത്തിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി. ഇംഗ്ലീഷ് മാധ്യമമായ ഇഎസ്പിഎൻ എഫ്സിയാണ് ഈ വാർത്തയുടെ ഉറവിടം. നിലവിൽ റാമോസിന്റെയും റയൽ മാഡ്രിഡിന്റെയും സാഹചര്യങ്ങളെ വിലയിരുത്തുകയാണ് സിറ്റി ചെയ്യുന്നത്. റാമോസിനെ ക്ലബ്ബിലെത്തിക്കാൻ താല്പര്യം പ്രകടിപ്പിച്ചത് സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയാണ്. താരം റയൽ വിടാൻ തീരുമാനിച്ചാൽ സിറ്റി റാഞ്ചാനൊരുക്കമാണ് എന്നാണ് റിപ്പോർട്ടുകൾ.

റാമോസിന്റെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇതുവരെ എവിടെയുമെത്തിയിട്ടില്ല. അടുത്ത മാർച്ചിൽ 35 പൂർത്തിയാവുന്ന റാമോസ് രണ്ട് വർഷത്തെ കരാറാണ് റയലിനോട് ആവിശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ റയൽ ഒരു വർഷത്തെ കരാർ മാത്രമാണ് മുന്നോട്ട് വെക്കുന്നത്. ഇതാണ് നിലവിലെ തടസ്സം. അതിനാൽ തന്നെ റയൽ തന്റെ ആവിശ്യത്തിന് വഴങ്ങിയിട്ടില്ലെങ്കിൽ റാമോസ് ക്ലബ് വിടാൻ സാധ്യതകളുണ്ട്. എന്നാൽ മാഞ്ചസ്റ്റർ സിറ്റിയെ സംബന്ധിച്ചെടുത്തോളും താരത്തിന്റെ വയസ്സോ സാലറിയോ പ്രശ്നമല്ല. താരത്തെ പോലെ പരിചയസമ്പന്നതയുള്ള ഒരു ഡിഫൻഡറുടെ അഭാവമാണ് സിറ്റിയുടെ പോരായ്മ എന്നാണ് പെപ്പിന്റെ കണ്ടെത്തൽ. അതിനാൽ തന്നെ റാമോസിന് വേണ്ടി സിറ്റി മുൻപന്തിയിൽ ഉണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *