രണ്ട് താരങ്ങളെ ജനുവരിയിൽ സൈൻ ചെയ്യും, സാവിക്ക് ലാപോർട്ടയുടെ ഉറപ്പ്!
ജനുവരി ട്രാൻസ്ഫർ ജാലകം ആരംഭിക്കാൻ ഇനി കേവലം രണ്ടാഴ്ച്ചകൾ മാത്രമാണ് ശേഷിക്കുന്നത്. എഫ്സി ബാഴ്സലോണയും തങ്ങളുടെ ടീമിൽ ആവിശ്യമായ മാറ്റങ്ങൾ വരുത്താൻ ആലോചിക്കുന്നുണ്ട്. ബാഴ്‌സയിലേക്ക് പുതിയ താരങ്ങളെ ആവിശ്യമാണ് എന്നുള്ള കാര്യം സാവി തന്നെ അറിയിച്ചിരുന്നു.
പക്ഷേ ബാഴ്‌സക്ക് കാര്യങ്ങൾ എളുപ്പമല്ല. എന്തെന്നാൽ നിലവിൽ വലിയ സാമ്പത്തികപ്രതിസന്ധിയിലൂടെയാണ് ബാഴ്‌സ കടന്നു പോവുന്നത്. എന്നിരുന്നാലും ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ രണ്ട് താരങ്ങളെ സൈൻ ചെയ്യുമെന്നുള്ള ഉറപ്പ് സാവിക്കിപ്പോൾ ബാഴ്‌സ പ്രസിഡന്റ് ലാപോർട്ടയിൽ നിന്നും ലഭിച്ചു എന്നുള്ള വാർത്തകളാണ് പുറത്തേക്ക് വന്നു കൊണ്ടിരിക്കുന്നത്. പ്രമുഖ മാധ്യമമായ കഡേന സെർ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
— Murshid Ramankulam (@Mohamme71783726) December 16, 2021
ഇതിലൊരു താരം മാഞ്ചസ്റ്റർ സിറ്റിയുടെ ഫെറാൻ ടോറസാണ്. ബാഴ്‌സയുടെ ശൈലിക്ക് യോജിച്ച താരമാണ് ടോറസ് എന്നാണ് സാവി വിശ്വസിക്കുന്നത്. ബാഴ്‌സയുടെ മുൻ പരിശീലകരായ പെപ് ഗ്വാർഡിയോള, ലൂയിസ് എൻറിക്വ എന്നിവർക്ക് കീഴിൽ കളിച്ചു പരിചയമുള്ള താരമാണ് ടോറസ്.
മറ്റൊരു താരം എന്നുള്ളത് ഒരു സെന്റർ സ്‌ട്രൈക്കറെയായിരിക്കും. നിലവിൽ അഗ്വേറോ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിട്ടുണ്ട്. അത്കൊണ്ട് തന്നെ ആ സ്ഥാനത്തേക്ക് എഡിൻസൺ കവാനി, ആന്റണി മാർഷ്യൽ, ആർതർ കബ്രാൾ എന്നിവരെയാണ് ബാഴ്‌സ പരിഗണിക്കുന്നത്.
ഏതായാലും ബാഴ്‌സക്ക് പുതിയ താരങ്ങളെ അത്യാവശ്യമാണ്. എന്തെന്നാൽ മോശം ഫോമിലൂടെയാണ് ബാഴ്‌സ ഇപ്പോൾ കടന്നു പോവുന്നത്. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായ ബാഴ്സ ഇപ്പോൾ ലാലിഗയിൽ എട്ടാം സ്ഥാനത്താണ്.