രംഗപ്രവേശനം ചെയ്ത് ചെൽസിയും, ഡേവിഡ് അലാബയെ റാഞ്ചാൻ നാല് വമ്പൻ ക്ലബുകൾ !

ഈ സീസണിന്റെ അവസാനത്തോട് കൂടിയ ഫ്രീ ഏജന്റ് ആവാനുള്ള ഒരുക്കത്തിലാണ് ബയേൺ മ്യൂണിക്ക്‌ സൂപ്പർ താരം ഡേവിഡ് അലാബ. താരത്തിന്റെ കരാർ പുതുക്കാൻ വേണ്ടി ബയേൺ ചർച്ചകൾ ഒക്കെ നടത്തിയിരുന്നുവെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല. താരം വമ്പൻ സാലറി ക്ലബ്ബിനോട് ആവിശ്യപ്പെടുകയായിരുന്നു. എന്നാൽ ബയേൺ ഇതിന് തയ്യാറായില്ല. ഇതോടെ താരം ക്ലബ് വിടാൻ തീരുമാനിക്കുകയായിരുന്നു. പ്രതിരോധനിരയിൽ എവിടെയും ഒരുപോലെ കളിക്കാൻ കഴിവുള്ള താരത്തെ റാഞ്ചാൻ വേണ്ടി നിരവധി ക്ലബുകൾ മുമ്പ് തന്നെ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ ആ ലിസ്റ്റിലേക്ക്‌ പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി കൂടി ചേർന്നിരിക്കുകയാണ്. ജർമ്മൻ മാധ്യമമായ ബിൽഡ് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ചെൽസിയടക്കം നാലു ക്ലബുകളാണ് നിലവിൽ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.

ലാലിഗ വമ്പൻമാരായ റയൽ മാഡ്രിഡ്‌, എഫ്സി ബാഴ്സലോണ, ഫ്രഞ്ച് കരുത്തരായ പിഎസ്ജി, ചെൽസി എന്നിവരാണ് നിലവിൽ താരത്തിന് വേണ്ടി രംഗത്തുള്ളത് എന്നാണ് ബിൽഡിന്റെ ഭാഷ്യം. പക്ഷെ താരത്തിന്റെ ഉയർന്ന സാലറി ആരൊക്കെ അംഗീകരിക്കും എന്ന് നോക്കി കാണേണ്ടിയിരിക്കുന്നു.വമ്പൻ ക്ലബുകൾ തന്നെ സമീപിച്ചതായി താരത്തിന്റെ ഏജന്റ് പിനി സഹാവി അറിയിച്ചിരുന്നു. ഇരുപത്തിയെട്ടുകാരനായ താരം ബയേണിൽ ഒരുപാട് കാലം കളിച്ചിട്ടുണ്ട്. നാന്നൂറോളം മത്സരങ്ങൾ കളിച്ച താരം രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടവും ബവേറിയൻസിന്റെ ഒപ്പം നേടിയിട്ടുണ്ട്. ഏതായാലും അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന പേരുകളിൽ ഒന്ന് അലാബയുടേത് ആവും.

Leave a Reply

Your email address will not be published. Required fields are marked *