മെസ്സി നേടിയത് അനർഹമായ ബാലൺഡി’ഓർ: വിമർശിച്ച് ജർമ്മൻ ഇതിഹാസം ലോതർ മത്തേവൂസ്.

ഭൂരിഭാഗം പേരും പ്രതീക്ഷിച്ച പോലെ സൂപ്പർ താരം ലയണൽ മെസ്സി തന്നെയാണ് കഴിഞ്ഞ സീസണിൽ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരം സ്വന്തമാക്കിയത്. തന്റെ കരിയറിലെ എട്ടാമത്തെ ബാലൺഡി’ഓർ ആണ് ലയണൽ മെസ്സി ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സൂപ്പർതാരമായ ഏർലിംഗ് ഹാലന്റിനെയാണ് ലയണൽ മെസ്സി തോൽപ്പിച്ചത്. മെസ്സിക്ക് കടുത്ത വെല്ലുവിളി ഉയർത്താൻ ഹാലന്റിന് സാധിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.

എന്നാൽ ലയണൽ മെസ്സിക്ക് ബാലൺഡി’ഓർ ലഭിച്ചതിൽ ജർമ്മൻ ഇതിഹാസമായ ലോതർ മത്തേവൂസ് ഒട്ടും സംതൃപ്തനല്ല.അനർഹമായ ഒരു പുരസ്കാരമാണ് മെസ്സി നേടിയത് എന്നാണ് ഇദ്ദേഹം ആരോപിച്ചിട്ടുള്ളത്.ഹാലന്റായിരുന്നു ഇത്തവണത്തെ ബാലൺഡി’ഓർ അർഹിച്ചിരുന്നതെന്നും മത്തേവൂസ് പറഞ്ഞിട്ടുണ്ട്.സ്കൈ ജർമ്മനിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മത്തേവൂസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” കഴിഞ്ഞ സീസണിലെ പ്രകടനം പരിഗണിക്കുകയാണെങ്കിൽ ലയണൽ മെസ്സിയെക്കാൾ മികച്ച പ്രകടനം നടത്തിയത് ഹാലന്റ് തന്നെയാണ്.ലയണൽ മെസ്സി നേടിയത് തീർത്തും അനർഹമായ ഒരു പുരസ്കാരമാണ്. പക്ഷേ ഇത് തെളിയിക്കുന്നത് വേൾഡ് കപ്പിനാണ് കൂടുതൽ പ്രാധാന്യം എന്നതാണ്.എന്നെ സംബന്ധിച്ചിടത്തോളം മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം 3 പ്രധാനപ്പെട്ട കിരീടങ്ങൾ നേടിയ ഹാലന്റ് തന്നെയാണ് ഏറ്റവും മികച്ച താരം. ഒരുപാട് ഗോൾ സ്കോറിങ് റെക്കോർഡുകൾ അദ്ദേഹം തകർക്കുകയും ചെയ്തു. മെസ്സിയുടെ ഒരു ആരാധകൻ കൂടിയാണ് ഞാൻ.പക്ഷേ ഇത്തവണ മെസ്സിക്ക് കൊടുത്തത് വെറും പ്രഹസനമാണ് ” ലോതർ മത്തേവൂസ് പറഞ്ഞു.

ലയണൽ മെസ്സി തന്നെയാണ് അർഹിച്ചിരുന്നത് എന്ന് അഭിപ്രായപ്പെട്ടുകൊണ്ട് പലരും രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ ഹാലന്റിനെ പിന്തുണക്കുന്നവരും നിരവധിയാണ്. രണ്ടുപേരും മികച്ച പ്രകടനം നടത്തി അർഹത നേടിയെടുത്തിട്ടുണ്ട്. പക്ഷേ നാല് വർഷത്തിൽ ഒരിക്കൽ വരുന്ന വേൾഡ് കപ്പിലെ മികച്ച പ്രകടനം തന്നെയാണ് ലയണൽ മെസ്സിക്ക് മുൻതൂക്കം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *