മെസ്സി നിരാശൻ, ബാഴ്സ വിടാനുള്ള സാധ്യതകളേറെയെന്ന് നിരീക്ഷകർ !

സൂപ്പർ താരം ലയണൽ മെസ്സി എഫ്സി ബാഴ്സലോണയിൽ അസന്തുഷ്ടനാണ് എന്നുള്ളത് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ തെളിഞ്ഞതാണ്. ക്ലബ് വിടാൻ മെസ്സി അനുമതി ചോദിച്ചെങ്കിലും അത്‌ വിഫലമായതിനാൽ മെസ്സി ബാഴ്സയിൽ തന്നെ തുടരുകയായിരുന്നു. പുതിയ പരിശീലകനും പുതിയ സീസണും വന്നതോടെ മെസ്സിയുടെ മനസ്സ് മാറുമെന്ന പ്രതീക്ഷയിലായിരുന്നു പലരും. എന്നാൽ അത്‌ നടന്നില്ല എന്ന് മാത്രമല്ല ടീമിന്റെ മോശം പ്രകടനത്തിൽ മെസ്സി കൂടുതൽ നിരാശനാവുകയാണ് ചെയ്തത്. മെസ്സി സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സ വിടാൻ തന്നെയാണ് സാധ്യത എന്നാണ് ഫുട്ബോൾ നിരീക്ഷകരുടെ അഭിപ്രായം.

മാഞ്ചസ്റ്റർ സിറ്റിയാണ് മെസ്സിക്ക് വേണ്ടി മുൻപന്തിയിൽ ഉള്ളത്. പരിശീലകൻ പെപ് ഗ്വാർഡിയോള കരാർ പുതുക്കിയത് മെസ്സി സിറ്റിയിലേക്ക് എന്ന അഭ്യൂഹങ്ങൾക്ക്‌ ആക്കം കൂട്ടുകയാണ് ചെയ്തത്. പെപിനെ ബാഴ്സയുടെ പരിശീലകനാക്കാൻ ശ്രമിക്കുമെന്ന് പ്രസിഡന്റ്‌ സ്ഥാനാർത്ഥി വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ഇത് പെപ് കരാർ പുതുക്കിയതോടെ ഇല്ലാതായി. മെസ്സി ബാഴ്സയിൽ തന്നെ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് പെപ് ഗ്വാർഡിയോള പറഞ്ഞിരുന്നു. പക്ഷെ അദ്ദേഹം മെസ്സി സിറ്റിയിൽ എത്താനുള്ള സാധ്യതകളെ തള്ളികളഞ്ഞിരുന്നില്ല.

മറ്റൊരു പ്രശ്നം ബാഴ്സയിലെ സാമ്പത്തികപ്രതിസന്ധിയാണ്. മെസ്സിയുൾപ്പെടുന്ന താരങ്ങളുടെ സാലറി ബാഴ്സ കുറച്ചു കഴിഞ്ഞു. ലോക്ക്ഡൗണിന്റെ സമയത്തെ സാലറി കട്ടിന് മെസ്സിക്ക് പൂർണ്ണസമ്മതമായിരുന്നുവെങ്കിലും ഇപ്രാവശ്യത്തേതിൽ മെസ്സിക്ക് എതിർപ്പുണ്ടായിരുന്നു എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നത്.

ബോർഡുമായി ഉണ്ടായ പ്രശ്നങ്ങൾ മെസ്സിയെ കൂടുതൽ അസ്വസ്ഥനാക്കുകയാണ് ചെയ്തത്. പുതിയ ബോർഡ് വന്നാലും മെസ്സിക്ക്‌ അതിൽ വലിയ താല്പര്യമൊന്നുമില്ല. പലപ്പോഴും മാധ്യമങ്ങളോട് സംസാരിക്കാൻ പോലും മെസ്സി തയ്യാറാവുന്നില്ല. മറ്റു താരങ്ങളെയാണ് മെസ്സി പറഞ്ഞു വിടാറുള്ളത്. ദിവസങ്ങൾക്ക്‌ മുമ്പായിരുന്നു കുറ്റപ്പെടുത്തലുകൾ കേട്ട് മടുത്തെന്ന് മെസ്സി പ്രസ്താവിച്ചത്. എല്ലാം കൂട്ടികിഴിച്ചു നോക്കുമ്പോൾ നിലവിലെ ഒരവസ്ഥ വെച്ച് മെസ്സി ബാഴ്സ വിടാൻ തന്നെയാണ് സാധ്യത. ഇനി വരുന്ന ബോർഡിന്റെയും ബാഴ്സയുടെ പ്രകടനത്തിന്റെയും അടിസ്ഥാനത്തിലാണ് താരത്തിന്റെ ബാഴ്സയിലെ ഭാവി ഇപ്പോൾ നിലകൊള്ളുന്നത്.

Leave a Reply

Your email address will not be published. Required fields are marked *