മെസ്സിയും നെയ്മറും ഒരുമിക്കുമോ? അഭിപ്രായം രേഖപ്പെടുത്തി കൂട്ടീഞ്ഞോ !

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് ബാഴ്സ യുവന്റസിനെ നേരിടാനുള്ള ഒരുക്കത്തിലാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-നാണ് ബാഴ്സ സ്വന്തം മൈതാനമായ ക്യാമ്പ് നൗവിൽ യുവന്റസിനെ നേരിടാനൊരുങ്ങുന്നത്. ഈ മത്സരത്തിലും വിജയിച്ചു കൊണ്ട് ആധികാരികമായി പ്രീ ക്വാർട്ടറിലേക്ക് പ്രവേശിക്കുക എന്നതാണ് ബാഴ്സയുടെ ലക്ഷ്യമെങ്കിൽ കഴിഞ്ഞ തവണത്തെ തോൽവിക്ക്‌ പകരം വീട്ടാനുറച്ചാണ് യുവന്റസ് കച്ചകെട്ടിയിറങ്ങുന്നത്.

മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ ബാഴ്സ താരങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് പങ്കെടുത്തത് സൂപ്പർ താരം ഫിലിപ്പെ കൂട്ടീഞ്ഞോയായിരുന്നു. താരത്തിന് നേരിടേണ്ടി വന്നത് മെസ്സിയും നെയ്മറും ഒരുമിക്കുമോ എന്ന ചോദ്യമായിരുന്നു. മെസ്സി ബാഴ്സയിൽ കൂട്ടീഞ്ഞോയുടെ സഹതാരമാണെങ്കിൽ ബ്രസീലിയൻ ടീമിലാണ് നെയ്മർ കൂട്ടീഞ്ഞോയുടെ ഒപ്പം കളിക്കുന്നത്. എന്നാൽ ഈ വിഷയത്തെ കുറിച്ച് ആധികാരികമായി തനിക്കറിയില്ല എന്നാണ് കൂട്ടീഞ്ഞോ അഭിപ്രായം രേഖപ്പെടുത്തിയത്. എന്നാൽ മികച്ച താരങ്ങളോടൊപ്പം കളിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും അതിനെ കുറിച്ച് ചിന്തിക്കാറുണ്ടെന്നും കൂട്ടീഞ്ഞോ കൂട്ടിച്ചേർത്തു.

” അടുത്ത വർഷം എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. എനിക്ക് പറയാൻ സാധിക്കുന്ന ഏകകാര്യം എന്നെ കുറിച്ചും ടീമിന്റെ ഇപ്പോഴത്തെ സാഹചര്യങ്ങളെ കുറിച്ചുമാണ്. ഇത്തരം കാര്യങ്ങളെ കുറിച്ച് എനിക്ക് യാതൊരു വിവരവുമില്ല. തീർച്ചയായും ഏറ്റവും മികച്ച താരങ്ങളോടൊപ്പം കളിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. ഇവിടെയുള്ള എല്ലാവരും അത്‌ തന്നെയാണ് ചിന്തിക്കുന്നതും ” മെസ്സിയും നെയ്മറും ഒരുമിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി കൂട്ടീഞ്ഞോ പറഞ്ഞു. മെസ്സിക്കൊപ്പം അടുത്ത വർഷം കളിക്കാൻ സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് നെയ്മർ പറഞ്ഞതോടെയാണ് അഭ്യൂഹങ്ങൾ നുരഞ്ഞു പൊന്തിയത്.

Leave a Reply

Your email address will not be published. Required fields are marked *