മെസ്സിയും താനും പിഎസ്ജിയിൽ ഒരുമിക്കും, റാമോസ് പെരസിനോട് പറഞ്ഞതായി വാർത്ത !

റയൽ മാഡ്രിഡ്‌ നായകൻ സെർജിയോ റാമോസിന്റെ കരാർ ഈ സീസണോട് കൂടി അവസാനിക്കും. താരത്തിന്റെ കരാർ പുതുക്കാനുള്ള റയൽ മാഡ്രിഡിന്റെ ശ്രമങ്ങൾ ഒന്നും തന്നെ ഫലം കണ്ടിട്ടില്ലെന്ന് ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം റിപ്പോർട്ട്‌ ചെയ്തിരുന്നു. മാത്രമല്ല മാഞ്ചസ്റ്റർ സിറ്റിക്ക് താരത്തെ ടീമിലെത്തിക്കാൻ താല്പര്യമുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനിടെ ഞെട്ടിക്കുന്ന ഒരു വാർത്ത പുറത്ത് വിട്ടിരിക്കുകയാണ് സ്പാനിഷ് മാധ്യമമായ എൽ ചിരിങ്കിറ്റൊ ടിവി. ഇവരെ ഉദ്ധരിച്ചു കൊണ്ട് സ്പോർട്ടും ട്യൂട്ടോസ്പോർട്ടും അടക്കമുള്ള പ്രമുഖമാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ഇതു പ്രകാരം റാമോസ് റയൽ മാഡ്രിഡ്‌ പ്രസിഡന്റ്‌ പെരസിനോട് പറഞ്ഞത് താനും മെസ്സിയും പിഎസ്ജിയിൽ ഒരുമിക്കുമെന്നാണ്. തങ്ങൾ ഇരുവരെയും ചേർത്ത് പിഎസ്ജി ശക്തമായ ടീമായി മാറുമെന്നും പെരസിനോട് റാമോസ് പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ട്.

തന്റെ ഡിമാൻഡുകൾ റയൽ അംഗീകരിക്കാതെ വന്നതോടെയാണ് താൻ പിഎസ്ജിയിലേക്ക് ചേക്കേറുമെന്ന് റാമോസ് പെരസിനോട് പറഞ്ഞത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് റാമോസും പെരെസും തമ്മിലുള്ള കൂടിക്കാഴ്ച്ച നടന്നത്. എൽചെക്കെതിരായ മത്സരത്തിന്റെ രണ്ടര മണിക്കൂർ മുന്നേ പേരെസ് റാമോസിന്റെ ഹോട്ടൽ റൂമിൽ എത്തുകയായിരുന്നു. തുടർന്ന് ഇരുവരും കരാറിനെ പറ്റി ചർച്ച ചെയ്യുകയായിരുന്നു. തന്റെ നിലവിലെ സാലറിയായ 12 മില്യൺ യൂറോയിൽ കൂടുതൽ കിട്ടണമെന്നും കൂടാതെ രണ്ട് വർഷത്തേക്ക് കരാർ വേണമെന്നുമാണ് റാമോസിന്റെ ആവിശ്യം. എന്നാൽ കോവിഡ് പ്രശ്നം കാരണം സാലറി വർധനവ് ബുദ്ധിമുട്ടാണ് എന്നാണ് പേരെസ് റാമോസിനെ അറിയിച്ചത്. ഇതോടെ താരം പിഎസ്ജിയിലേക്ക് ചേക്കേറുമെന്നും താനും മെസ്സിയും ഒരുമിച്ച് കൊണ്ട് പിഎസ്ജി ശക്തമായ ടീമായി മാറുമെന്നും മുന്നറിയിപ്പ് നൽകുകയായിരുന്നു. ഏതായാലും ഈ വാർത്തയുടെ ആധികാരികത ഇതുവരെ തെളിയിക്കപെട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *