മെസ്സിക്കൊപ്പം കളിക്കാൻ ഇന്റർ മിയാമിയിലേക്കോ?പ്ലാനുകൾ വ്യക്തമാക്കി സുവാരസ്.

സൂപ്പർ താരം ലയണൽ മെസ്സിയെ സ്വന്തമാക്കി കൊണ്ട് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമി.ഇനി മുതൽ മെസ്സി ഇന്റർ മിയാമിക്ക് വേണ്ടിയാണ് കളിക്കുക. മെസ്സി ഇത്ര വേഗത്തിൽ യൂറോപ്യൻ ഫുട്ബോൾ അവസാനിപ്പിക്കും എന്നുള്ളത് ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.പ്രത്യേകിച്ച് മെസ്സി മികച്ച രൂപത്തിൽ കളിച്ചുകൊണ്ടിരിക്കുന്ന ഒരു സമയം കൂടിയാണിത്.

ഏതായാലും ലയണൽ മെസ്സി ഇന്റർ മിയാമിയിൽ എത്തിയതിന് പിന്നാലെ മറ്റൊരു റൂമർ പുറത്തേക്ക് വന്നിരുന്നു. മെസ്സിയുടെ സുഹൃത്തുക്കളും മുൻ സഹതാരങ്ങളുമായ സെർജിയോ ബുസ്ക്കെറ്റ്സ്,ലൂയിസ് സുവാരസ്‌ എന്നിവർ ഈ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ ഇന്റർ മിയാമിയിലേക്ക് എത്തുമെന്നായിരുന്നു റൂമർ. എന്നാൽ സുവാരസ് ഇക്കാര്യം നേരിട്ട് നിരസിച്ചിട്ടുണ്ട്.അസാധ്യമാണ് എന്നാണ് സുവാരസ് ഇതിനോട് പ്രതികരിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞാൻ ഇന്റർമിയാമിയിലേക്ക് എത്തും എന്ന വാർത്ത വ്യാജ വാർത്തയാണ്.അത് അസാധ്യമായ ഒരു കാര്യമാണ്.ഞാൻ ഇപ്പോൾ ഗ്രിമിയോയിൽ വളരെയധികം ഹാപ്പിയാണ്. എനിക്ക് ഇവിടെ 2024 വരെ കോൺട്രാക്ട് അവശേഷിക്കുന്നുണ്ട് “ഇതാണ് സുവാരസ് പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ വർഷമായിരുന്നു സുവാരസ് ബ്രസീലിയൻ ക്ലബ്ബായ ഗ്രിമിയോയിൽ എത്തിയത്. അവർക്കുവേണ്ടി തകർപ്പൻ പ്രകടനം നടത്താൻ ഈ ഉറുഗ്വൻ സൂപ്പർ താരത്തിന് സാധിക്കുന്നുണ്ട്. ആകെ കളിച്ച 24 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും 8 അസിസ്റ്റുകളും സുവാരസ് നേടിയിട്ടുണ്ട്.

അതേസമയം സെർജിയോ ബുസ്ക്കെറ്റ്സ് ഇന്റർ മിയാമിയിലേക്ക് എത്താൻ സാധ്യതയുണ്ട്.അദ്ദേഹം ബാഴ്സയോട് വിട പറഞ്ഞിരുന്നു. നിലവിൽ ഫ്രീ ഏജന്റാണ്. മെസ്സി ഇന്റർമിയാമിയിൽ എത്തിയ സ്ഥിതിക്ക് ബുസ്ക്കെറ്റ്സ് അങ്ങോട്ട് വരാനുള്ള സാധ്യത വർദ്ധിക്കുകയാണ് ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *