മറഡോണയോടുള്ള ബഹുമാനസൂചകമായി നാപോളിയിലേക്ക് ചേക്കേറൂ, മെസ്സിക്ക് മുൻസഹതാരത്തിന്റെ ഉപദേശം !

ഈ സീസണിന്റെ അന്ത്യത്തോട് കൂടി ലയണൽ മെസ്സി ബാഴ്സ വിടുമോ എന്നുള്ളതാണ് ആരാധകർ ഏറെ ഉറ്റുനോക്കുന്ന കാര്യം. താരം കരാർ പുതുക്കുമോ അതോ ഫ്രീ ഏജന്റ് ആയിക്കൊണ്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമോ ഇപ്പോൾ വലിയൊരു ചോദ്യമാണ്. മാഞ്ചസ്റ്റർ സിറ്റി, പിഎസ്ജി എന്നീ ക്ലബുകളുമായി ബന്ധപ്പെടുത്തി കൊണ്ട് നിരവധി വാർത്തകൾ പ്രചരിച്ചു തുടങ്ങുന്നുണ്ട്. ഏതായാലും അടുത്ത വർഷം നാപോളിയിലേക്ക് ചേക്കേറാനാണ് മുൻ സഹതാരമായ കെവിൻ പ്രിൻസ് ബോട്ടങ് മെസ്സിക്ക് ഉപദേശം നൽകിയിരിക്കുന്നത്. ദിവസങ്ങൾക്ക്‌ മുമ്പ് ലോകത്തെ വിട്ടു പിരിഞ്ഞ മറഡോണയോടുള്ള ബഹുമാനസൂചകമായി മെസ്സി നാപോളിയിലേക്ക് ചേക്കേറണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. കഴിഞ്ഞ ദിവസം ഇഎസ്പിഎന്നിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബോട്ടങ്.

” 2021 ജൂണിൽ കരാർ അവസാനിച്ചതിന് ശേഷം മെസ്സി നാപോളിയിലേക്ക് ചേക്കേറണം. മറഡോണയോടുള്ള ബഹുമാനസൂചകമായിട്ട് അദ്ദേഹം നാപോളിയിലെത്തുകയും ആ പത്താം നമ്പർ ജേഴ്സിയണിഞ്ഞ് ഒന്നോ രണ്ടോ വർഷം കളിക്കുകയും വേണം. ഈ വിഷയത്തിൽ പണത്തെ കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ല. ഹൃദയം കൊണ്ടാണ് ചിന്തിക്കേണ്ടത്. അങ്ങനെ സംഭവിച്ചാൽ അതൊരു സിനിമ പോലെയാവും. ഒരുപക്ഷെ അദ്ദേഹം അവിടെ എത്തിയാൽ ട്രെയിനിങ് ഗ്രൗണ്ടിലേക്ക് ഹെലികോപ്റ്ററിൽ പോവേണ്ടി വരും. എന്തെന്നാൽ അത്രയേറെ ആരാധകരായിരിക്കും അദ്ദേഹത്തിന് വേണ്ടി കാത്തുനിൽക്കുന്നത്. അങ്ങനെ സംഭവിച്ചാൽ എല്ലാവരും സന്തോഷവാൻമാരായിരിക്കും ” ബോട്ടങ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *