ബാഴ്‌സയടക്കമുള്ള മൂന്ന് ക്ലബുകൾ രംഗത്ത്, ട്രാൻസ്ഫർ മാർക്കറ്റിലെ താരമാവാൻ റൊമേറോ!

കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയിലെ നിർണായകസാന്നിധ്യമായിരുന്നു ക്രിസ്റ്റ്യൻ റൊമേറോ. മികച്ച പ്രകടനമാണ് ഈ ഇരുപത്തിമൂന്നുകാരനായ താരം അറ്റലാന്റക്ക്‌ വേണ്ടിയും അർജന്റീനക്ക്‌ വേണ്ടിയും പുറത്തെടുത്തിട്ടുള്ളത്. കഴിഞ്ഞ സിരി എയിലെ ഏറ്റവും മികച്ച ഡിഫന്ററായി തിരഞ്ഞെടുക്കപ്പെട്ടത് റൊമേറോയായിരുന്നു. കൂടാതെ കോപ്പയിലും മികച്ച പ്രകടനം നടത്തിയതോടെ താരത്തെ സ്വന്തമാക്കാൻ ഒരുപിടി ക്ലബുകൾ രംഗത്ത് വന്നിട്ടുണ്ട്. സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ, പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടൻഹാം എന്നിവരാണ് നിലവിൽ രംഗത്തുള്ളത്. അർജന്റൈൻ മാധ്യമമായ ടിവൈസി സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.

നിലവിൽ അറ്റലാന്റയുമായി നല്ല ബന്ധം പുലർത്തി പോരുന്ന ക്ലബാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. അത് തങ്ങൾക്ക്‌ ഗുണകരമാവുമെന്നാണ് യുണൈറ്റഡ് പ്രതീക്ഷിക്കുന്നത്. അതേസമയം ടോട്ടൻഹാമും ടീം ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. കൂടാതെ ബാഴ്‌സയും താരത്തിന്റെ സാഹചര്യങ്ങൾ അന്വേഷിച്ചിട്ടുണ്ട്. പക്ഷേ സാമ്പത്തികപ്രതിസന്ധി കാരണം ബാഴ്‌സ എത്രത്തോളം താരത്തിന് വേണ്ടി ശ്രമിക്കും എന്നുള്ള കാര്യത്തിൽ സംശയമുണ്ട്. ഈ മൂന്ന് ക്ലബുകളും ഇതുവരെ ഓഫറുകൾ ഒന്നും തന്നെ മുന്നോട്ട് വെച്ചിട്ടില്ല. റൊമേറോയുടെ മുൻ ക്ലബായ യുവന്റസിനും താരത്തെ തിരികെ എത്തിക്കാൻ താല്പര്യമുണ്ട്. ഏതായാലും നാല്പത് മില്യൺ യൂറോക്ക്‌ മുകളിലുള്ള തുക ലഭിച്ചാൽ അറ്റലാന്റ റൊമേറോയെ കൈവിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താരം ഏത് ക്ലബ്ബിലേക്ക് ചേക്കേറുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *