ഫിർമിനോക്ക് കൂട്ടായി രണ്ട് ബ്രസീലിയൻ സൂപ്പർ താരങ്ങളെ എത്തിക്കാൻ സൗദി ക്ലബ്
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പണമൊഴുക്കിക്കൊണ്ട് നിരവധി സ്വന്തമാക്കിയ സൗദി അറേബ്യൻ ക്ലബ്ബാണ് അൽ അഹ്ലി. ബ്രസീലിയൻ സൂപ്പർതാരമായ റോബർട്ടോ ഫിർമിനോയെ അവർ സ്വന്തമാക്കിയിരുന്നു. കൂടാതെ റിയാദ് മഹ്റസ്,എഡാഡ് മെന്റി,ഫ്രാങ്ക് കെസ്സി, അലൻ സൈന്റ് മാക്സിമിൻ തുടങ്ങിയ സൂപ്പർതാരങ്ങളെയൊക്കെ അവർ കൊണ്ടുവന്നിരുന്നു. പക്ഷേ ഇതൊന്നും ഫലം കണ്ടില്ല എന്ന് വേണം പറയാൻ.
എന്തെന്നാൽ കഴിഞ്ഞ സീസണിൽ പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ അൽ അഹ്ലിക്ക് കഴിഞ്ഞിരുന്നില്ല. കൂടാതെ സൂപ്പർ താരം മാക്സിമിൻ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിടുകയും ചെയ്തിട്ടുണ്ട്. തുർക്കിഷ് ക്ലബ്ബായ ഫെനർബാഷേയിലേക്കാണ് അദ്ദേഹം ലോൺ അടിസ്ഥാനത്തിൽ പോയിട്ടുള്ളത്. അതുകൊണ്ടുതന്നെ മുന്നേറ്റ നിരയിലേക്ക് ഒരു താരത്തെ ഇപ്പോൾ അൽ അഹ്ലിക്ക് ആവശ്യമുണ്ട്. അവരുടെ പരിശീലകനായ മത്യാസ് ഒരു ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.
രണ്ട് ബ്രസീലിയൻ താരങ്ങൾ ഷോർട്ട് ലിസ്റ്റിൽ ഉണ്ട്.ടോട്ടൻഹാമിന്റെ ബ്രസീലിയൻ സ്ട്രൈക്കർ ആയ റിച്ചാർലീസണാണ് ഒരു താരം. നേരത്തെ അൽ ഹിലാലിലേക്ക് അദ്ദേഹം എത്തും എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു. പക്ഷേ പിന്നീട് ഈ ബ്രസീലിയൻ താരം തന്നെ അത് നിഷേധിക്കുകയായിരുന്നു. ഏതായാലും താരത്തിന് വേണ്ടി അൽ അഹ്ലിയുടെ ശ്രമങ്ങൾ ഫലം കാണുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.മറ്റൊരു ബ്രസീലിയൻ സൂപ്പർതാരമായ ഗബ്രിയേൽ ജീസസിനെയാണ് അവർ ലക്ഷ്യം വെക്കുന്നത്.
ആഴ്സണൽ താരമായ ജീസസിനെ പലപ്പോഴും പരിക്കുകൾ അലട്ടുന്നുണ്ട്. കൂടാതെ ഹാവർട്സ് വന്നതുകൊണ്ട് താരത്തിന് അവസരങ്ങൾ കുറവാണ്. ഇത് മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് അൽ അഹ്ലി ഉള്ളത്.ഈ രണ്ടിലൊരു താരത്തെ കൊണ്ടുവരിക എന്നതാണ് ഇവരുടെ ലക്ഷ്യം. എന്നാൽ യൂറോപ്പ് വിടാൻ ഈ താരങ്ങൾ ആഗ്രഹിക്കുന്നുണ്ടോ എന്നത് ഇനി വ്യക്തമാകേണ്ട കാര്യമാണ്.