പിഎസ്ജി സൂപ്പർ താരം ജനുവരിയിൽ ക്ലബ് വിട്ടേക്കും !

പിഎസ്ജിയുടെ ജർമ്മൻ മുന്നേറ്റനിര താരം ജൂലിയൻ ഡ്രാക്സ്ലർ ക്ലബ് വിട്ടേക്കുമെന്ന് വാർത്തകൾ. ഫ്രഞ്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഈ വരുന്ന ജനുവരി ട്രാൻസ്ഫറിൽ തന്നെ അതിനുള്ള ശ്രമം നടത്തിയേക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ഈ സീസണോട് കൂടി താരത്തിന്റെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കും. കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട യാതൊരു വിധ ചർച്ചയും ഇതുവരെ നടന്നിട്ടില്ല. പിഎസ്ജിയിൽ അവസരങ്ങൾ കുറഞ്ഞതിനെ തുടർന്ന് ക്ലബ് വിടാനാണ് ഈ ഇരുപത്തിയേഴുകാരനായ താരം തീരുമാനിച്ചിരിക്കുന്നത്. താരത്തിന് വേണ്ടി രണ്ട് ക്ലബുകളാണ് ഇപ്പോൾ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. ബുണ്ടസ്ലിഗ ക്ലബായ ഹെർത്ത ബെർലിനും സ്പാനിഷ് ക്ലബായ സെവിയ്യയുമാണ് ഈ താരത്തിന് വേണ്ടി രംഗത്തുള്ളത്. കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ ആഴ്സണൽ, ലീഡ്‌സ് യുണൈറ്റഡ് എന്നിവരെ ബന്ധപ്പെടുത്തി കൊണ്ടും വാർത്തകൾ ഉണ്ടായിരുന്നു.

ഈ സീസണിൽ ചില മത്സരങ്ങൾ താരത്തിന് ഹാംസ്ട്രിംഗ് ഇഞ്ചുറി മൂലം നഷ്ടമായിരുന്നു. മാത്രമല്ല ടുഷൽ പലപ്പോഴും താരത്തെ പരിഗണിച്ചിരുന്നുമില്ല. സൂപ്പർ താരങ്ങളായ നെയ്മർ, ഡിമരിയ, എംബാപ്പെ, മോയ്സെ കീൻ എന്നിവരുടെയൊക്കെ സാന്നിധ്യത്തിൽ താരത്തിന് അവസരങ്ങൾ വളരെ കുറവായിരുന്നു. അതിനാൽ കൂടുതൽ അവസരങ്ങൾ ലഭിക്കുന്ന ഒരു ക്ലബ്ബിലേക്ക് ചേക്കേറാനാണ് താരത്തിന്റെ തീരുമാനം. അടുത്ത സമ്മറിൽ ഫ്രീ ഏജന്റ് ആവുന്ന താരത്തെ ഏതെങ്കിലും ക്ലബുകൾ ഈ ജനുവരിയിൽ തന്നെ റാഞ്ചുമോ എന്നുള്ളത് സംശയകരമാണ്. അതോ അവർ അടുത്ത സമ്മർ വരെ കാത്തിരിക്കുമോ എന്നും നോക്കികാണേണ്ടിയിരിക്കുന്നു. അടുത്ത വർഷം നടക്കുന്ന യൂറോ കപ്പിനുള്ള ജർമ്മൻ ടീമിൽ ഇടം പിടിക്കുക എന്നുള്ളതാണ് താരത്തിന്റെ നിലവിലെ ലക്ഷ്യം. അതിനാൽ തന്നെ അവസരങ്ങൾ ലഭിക്കുന്ന ഒരിടത്തേക്ക് കൂടുമാറൽ താരത്തിന് അനിവാര്യമായി കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *