നെയ്മറിന് വേണ്ടി വാഗ്ദാനം ചെയ്തത് വമ്പൻ തുകയും മൂന്ന് സൂപ്പർ താരങ്ങളെയും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ബാഴ്സ ഡയറക്ടർ !

2017-ലായിരുന്നു ലോകറെക്കോർഡ് തുകക്ക് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ എഫ്സി ബാഴ്സലോണ വിട്ട് പിഎസ്ജിയിലേക്ക് ചേക്കേറിയത്. എന്നാൽ താരത്തിന് പ്രതീക്ഷിച്ച സംതൃപ്തി ഫ്രഞ്ച് തലസ്ഥാനത്ത്‌ ലഭിച്ചില്ല. അതോടെ തിരികെ ബാഴ്സയിലേക്ക് മടങ്ങാനുള്ള ആഗ്രഹം നെയ്മർ പ്രകടിപ്പിച്ചു തുടങ്ങി. ബാഴ്‌സക്കും താരത്തെ തിരികെയെത്തിക്കാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ പിഎസ്ജി ഒരിക്കലും ബാഴ്‌സക്ക്‌ മുമ്പിൽ വഴങ്ങിയില്ല. 2019-ലെ ട്രാൻസ്ഫർ ജാലകത്തിൽ നെയ്മർക്ക്‌ വേണ്ടി ബാഴ്‌സ പിഎസ്ജിക്ക്‌ നൽകിയ വമ്പൻ ഓഫർ വെളിപ്പെടുത്തിയിരിക്കുകയാണ് ബാഴ്സയുടെ മുൻ ഡയറക്ടറായ ഹവിയർ ബോർഡസ്. കഴിഞ്ഞ ദിവസം കാഡെന കോപിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 110 മില്യണും ടോഡിബോ, റാക്കിറ്റിച്ച്, ഡെംബലെ എന്നീ താരങ്ങളെയുമായിരുന്നു ബാഴ്‌സ വാഗ്ദാനം ചെയ്തിരുന്നത് എന്നാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

” ഞങ്ങൾ പിഎസ്ജിക്ക്‌ 110 മില്യൺ യൂറോയും ജീൻ ക്ലെയർ ടോഡിബോ,ഇവാൻ റാക്കിറ്റിച്ച്, ഉസ്മാൻ ഡെംബലെ എന്നീ മൂന്ന് താരങ്ങളെയും വാഗ്ദാനം ചെയ്തിരുന്നു. ഡെംബലെയെ ലോണിൽ ആയിരുന്നു വാഗ്ദാനം ചെയ്തത്. എന്നാൽ അവരത് നിരസിച്ചു. അവർക്ക് 130 മില്യൺ യൂറോ വേണമായിരുന്നു. 20 മില്യൺ യൂറോ കൂടി ഉണ്ടായിരുന്നേൽ നെയ്മർക്ക്‌ തിരികെ വരാൻ സാധിക്കുമായിരുന്നു. ആവിശ്യമായ കാര്യങ്ങൾ ചെയ്യാമെന്ന് നെയ്മറുടെ പിതാവ് പറഞ്ഞിരുന്നു. എന്നാൽ അവസാനത്തിൽ ഒന്നും നടന്നില്ല ” ബോർഡസ് പറഞ്ഞു. ബർതോമ്യുവിന്റെ കീഴിൽ വൈസ് പ്രസിഡന്റ്‌ ആയിരുന്ന ഇദ്ദേഹം എംബാപ്പെയെ ബാഴ്‌സ തഴഞ്ഞ കാര്യവും വെളിപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *