നീതിയും ന്യായവും ഉണ്ടെങ്കിൽ ബാലൺ ഡി’ഓർ വിനിക്ക് നൽകണം!
ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർ കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമാണ് നടത്തിയിട്ടുള്ളത്. റയൽ മാഡ്രിഡിന് ലാലിഗ കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവും നേടിക്കൊടുക്കുന്നതിൽ വലിയ പങ്കുവഹിക്കാൻ വിനീഷ്യസിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ വലിയ രൂപത്തിൽ ബാലൺഡി’ഓർ സാധ്യതകൾ കൽപ്പിക്കപ്പെട്ടിരുന്നത് വിനീഷ്യസിന് തന്നെയായിരുന്നു.പക്ഷേ ഇന്റർനാഷണൽ ബ്രോക്കോടുകൂടി കാര്യങ്ങൾ മാറിമറിഞ്ഞു.
അതായത് കോപ്പ അമേരിക്കയിൽ ബ്രസീൽ മോശം പ്രകടനമായിരുന്നു നടത്തിയിരുന്നത്.വിനി ടൂർണമെന്റിൽ രണ്ട് ഗോളുകൾ നേടിയിരുന്നുവെങ്കിലും അത് മതിയാകുമായിരുന്നില്ല. കോപ്പ അമേരിക്കയും യൂറോ കപ്പും അവസാനിച്ചതോടു കൂടി സാധ്യതകളിൽ വലിയ മാറ്റം വന്നു.ജൂഡ് ബെല്ലിങ്ങ്ഹാം,റോഡ്രി,ലൗറ്ററോ,കാർവ്വഹൽ എന്നിവരൊക്കെ രംഗത്തേക്ക് വരികയായിരുന്നു. പക്ഷേ റയൽ മാഡ്രിഡിന് വേണ്ടി വിനി ഇപ്പോഴും തന്റെ മികവ് തുടരുകയാണ്.യുവേഫ സൂപ്പർ കപ്പ് ഫൈനലിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അറ്റലാന്റയെ റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയപ്പോൾ ആ രണ്ട് ഗോളുകളിലും വിനിയുടെ സാന്നിധ്യം നമുക്ക് കാണാൻ കഴിയും.
ഇതിന് പിന്നാലെ പ്രമുഖ സ്പാനിഷ് ഫുട്ബോൾ നിരീക്ഷകനായ ഹൊസെ വിസന്റെ ഒരു ലേഖനം പബ്ലിഷ് ചെയ്തിട്ടുണ്ട്. നീതിയും ന്യായവും ഉണ്ടെങ്കിൽ ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം വിനിക്ക് നൽകണമെന്നാണ് അദ്ദേഹം തലക്കെട്ടായി കൊണ്ട് നൽകിയിട്ടുള്ളത്. ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം എന്തുകൊണ്ടും അർഹിക്കുന്നത് വിനീഷ്യസ് ജൂനിയർ തന്നെയാണ് എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.ഒരുപാട് കാരണങ്ങൾ അദ്ദേഹം നിരത്തുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും പ്രധാനപ്പെട്ടത് വിനീഷ്യസ് ബിഗ് സ്റ്റേജുകളിൽ തിളങ്ങുന്നു എന്നുള്ളതാണ്.യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഗോളടിക്കാൻ വിനിക്ക് കഴിഞ്ഞിരുന്നു. അതിന് മുൻപും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഗോളടിച്ചിട്ടുള്ള താരമാണ് വിനി. മാത്രമല്ല പ്രധാനപ്പെട്ട വലിയ മത്സരങ്ങളിൽ എല്ലാം തന്നെ അദ്ദേഹം തുടങ്ങുന്നുണ്ട്. സൂപ്പർ കപ്പ് ഫൈനലിൽ ബാഴ്സക്കെതിരെ ഹാട്രിക്ക് നേടിയ താരമാണ് വിനീഷ്യസ് ജൂനിയർ.
കോപ്പ അമേരിക്കയിലെ ബ്രസീലിന്റെ മോശം പ്രകടനം കൊണ്ട് മാത്രം വിനിയെ എഴുതിത്തള്ളാൻ കഴിയില്ല എന്നാണ് ഇദ്ദേഹം വാദിക്കുന്നത്.ഒരു സീസൺ മുഴുവനും അദ്ദേഹം നടത്തിയ മികച്ച പ്രകടനം ഒരു മാസം മാത്രം നടന്ന ഇന്റർനാഷണൽ കോമ്പറ്റീഷന്റെ പേരിൽ കണ്ടില്ല എന്ന് നടിക്കാനാവില്ല എന്നാണ് ഇദ്ദേഹം പറയുന്നത്. എന്തുകൊണ്ടും ഇത്തവണത്തെ ബാലൺഡി’ഓർ വിനിക്ക് നൽകണമെന്നും അപ്പോഴാണ് നീതി നടപ്പിലാവുകയെന്നും ഇദ്ദേഹം വാദിക്കുന്നുണ്ട്. നിലവിൽ ഏറ്റവും കൂടുതൽ പുരസ്കാര സാധ്യതകൾ കൽപ്പിക്കപ്പെടുന്ന താരങ്ങളിൽ ഒരാൾ തന്നെയാണ് വിനി.പക്ഷേ കടുത്ത കോമ്പറ്റീഷനാണ് അദ്ദേഹത്തിന് നേരിടേണ്ടി വരിക.