ഡീപേയെ നൽകി സൂപ്പർ താരത്തെ സ്വന്തമാക്കാൻ സാവി!
ബാഴ്‌സയുടെ പുതിയ പരിശീലകനായ സാവി ടീമിൽ ആവിശ്യമായ മാറ്റങ്ങൾ വരുത്തുന്ന തിരക്കിലാണ്. ഡാനി ആൽവെസ്, ഫെറാൻ ടോറസ് എന്നിവരെ സാവി ബാഴ്‌സയിലേക്ക് എത്തിച്ചു കഴിഞ്ഞു. ഇനിയും മുന്നേറ്റനിര താരങ്ങളെ തന്നെയാണ് സാവി ലക്ഷ്യം വെക്കുന്നത്.
ബാഴ്‌സയെ സംബന്ധിച്ചിടത്തോളം ഒരു മികച്ച സ്‌ട്രൈക്കറുടെ അഭാവം അവർ അനുഭവിക്കുന്നുണ്ട്. പല താരങ്ങളും പരിക്കിന്റെ പിടിയിലുമാണ്.അത്കൊണ്ട് തന്നെ യുവന്റസിന്റെ സ്പാനിഷ് സൂപ്പർ സ്‌ട്രൈക്കർ അൽവാരോ മൊറാറ്റയെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ സാവിയുള്ളത്. ഇതുമായി ബന്ധപ്പെട്ട് കൊണ്ട് സാവി യുവന്റസിനെ കോൺടാക്ട് ചെയ്തു എന്നാണ് പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത്.
— Murshid Ramankulam (@Mohamme71783726) December 31, 2021
നിലവിൽ മൊറാറ്റ യുവന്റസിൽ ലോണടിസ്ഥാനത്തിലാണ് കളിക്കുന്നത്. താരത്തെ സ്ഥിരമാക്കാൻ യുവന്റസിന് താല്പര്യമില്ല. ഈയൊരു അവസരത്തിലാണ് ബാഴ്‌സ യുവന്റസിനെ സമീപിച്ചിരിക്കുന്നത്. മാത്രമല്ല ഡച്ച് സൂപ്പർ താരം മെംഫിസ് ഡീപേയെ കൈമാറാനും സാവി തയ്യാറാണ് എന്നുള്ളതും ഗോൾ ഡോട്ട് കോം കണ്ടെത്തിയിട്ടുണ്ട്. സാവിയിൽ മതിപ്പുണ്ടാക്കാൻ ഡീപേക്ക് കഴിഞ്ഞിട്ടില്ല. അത്കൊണ്ട് തന്നെ ഡീപേയെ കൈവിടാൻ ബാഴ്‌സ ഒരുക്കമാണ്.
ബാഴ്‌സയിലേക്ക് ചേക്കേറുന്നതിൽ മൊറാറ്റക്ക് വിരോധമൊന്നുമില്ല. താരത്തെ സ്വന്തമാക്കണമെങ്കിൽ അത്ലറ്റിക്കോയെ കൂടി ബാഴ്‌സ പരിഗണിക്കേണ്ടി വരും. ഏതായാലും ബാഴ്സയുടെ സ്ട്രൈക്കർക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. എഡിൻസൺ കവാനി, ആർതർ കബ്രാൾ എന്നിവരെ ബാഴ്‌സയുമായി ബന്ധപ്പെടുത്തി റൂമറുകൾ ഉണ്ടായിരുന്നു.