ടീം ശക്തിപ്പെടുത്തണം, റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരത്തെ ആവിശ്യപ്പെട്ട് പോച്ചെട്ടിനോ!

കഴിഞ്ഞ മാസമായിരുന്നു പോച്ചെട്ടിനോ പിഎസ്ജിയുടെ പരിശീലകനായി ചുമതലയേറ്റത്. ഇദ്ദേഹത്തിന് കീഴിൽ തരക്കേടില്ലാത്ത പ്രകടനമാണ് പിഎസ്ജി കാഴ്ച്ചവെച്ചു കൊണ്ടിരിക്കുന്നത്. ഏതായാലും അടുത്ത സീസണിൽ പിഎസ്ജിയെ ഒന്നുകൂടി ശക്തിപ്പെടുത്തണമെന്ന ഉറച്ച തീരുമാനത്തിലാണ് ഇദ്ദേഹം. എന്നാൽ ഇദ്ദേഹത്തിന് കാര്യങ്ങൾ എളുപ്പമാവില്ല. സൂപ്പർതാരങ്ങളായ നെയ്മർ ജൂനിയറുടെയും കിലിയൻ എംബാപ്പെയുടെയും ഭാവി ഇപ്പോഴും സ്ഥിരീകരിക്കപ്പെടാത്ത ഒന്നാണ്. ഇരുവരും ക്ലബ്ബ് വിട്ടു പോകുന്നതിൽ നിന്നും പിന്തിരിപ്പിച്ച് കൂടെ നിർത്തുക എന്നതാണ് പോച്ചെട്ടിനോ നേരിടുന്ന ആദ്യ വെല്ലുവിളി.

മാത്രമല്ല സൂപ്പർ താരം ലയണൽ മെസ്സിയുടെ അഭ്യൂഹങ്ങളും പിഎസ്ജിയെ ചുറ്റിപ്പറ്റി കിടക്കുന്നുണ്ട്. മെസ്സിക്ക് വേണ്ടിയും പോച്ചെട്ടിനോ ശ്രമിക്കുമെന്നുറപ്പാണ്.ഇപ്പോഴിതാ റയൽ മാഡ്രിഡിന്റെ മധ്യനിര താരം കാസമിറോയെ നോട്ടമിട്ടിരിക്കുകയാണിപ്പോൾ പിഎസ്ജി. സ്പാനിഷ് മാധ്യമമായ ഡയാറിയോ ഗോൾ ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. മധ്യനിരയുടെ ശക്തി വർധിപ്പിക്കണമെന്നാണ് പോച്ചെട്ടിനോയുടെ ആവശ്യം. ഈയൊരു ലക്ഷ്യംവെച്ചാണ് കാസമിറോയെ പിഎസ്ജി കൂടാരത്തിലെത്തിക്കാൻ ശ്രമിക്കുന്നത്. അടുത്ത സീസണിൽ ആയിരിക്കും പിഎസ്ജി ശ്രമങ്ങൾ ആരംഭിക്കുക. എന്നാൽ കാസമിറോയെ റയൽ വിട്ട് നൽകുമോ എന്നുള്ളത് സംശയമാണ്.

Leave a Reply

Your email address will not be published. Required fields are marked *