ജൂലൈയിൽ ക്ലബ് വിടും :അർജന്റൈൻ സൂപ്പർ താരത്തിന്റെ പിതാവ് പറയുന്നു!

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ഏവരെയും അത്ഭുതപ്പെടുത്തിയ പ്രകടനമാണ് അർജന്റീനക്ക് വേണ്ടി സൂപ്പർ താരമായ അലക്സിസ് മാക്ക് ആല്ലിസ്റ്റർ നടത്തിയിരുന്നത്. വേൾഡ് കപ്പിന് ശേഷം അദ്ദേഹത്തിന്റെ മൂല്യം വളരെയധികം കുതിച്ചുയർന്നിരുന്നു. മാത്രമല്ല ഈ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചുകൊണ്ട് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഒരുപാട് ക്ലബ്ബുകൾ രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാൽ താരത്തിന്റെ ക്ലബ്ബായ ബ്രൈറ്റൺ മാക്ക് ആല്ലിസ്റ്ററെ വിട്ടു നൽകാൻ ഉദ്ദേശിച്ചിരുന്നില്ല.

പക്ഷേ ഒരുപാട് വലിയ ക്ലബ്ബുകൾ ഈ അർജന്റീനക്കാരനിൽ താൽപര്യം അറിയിച്ചിട്ടുണ്ട്.അതുകൊണ്ടുതന്നെ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹം ക്ലബ്ബ് വിടാൻ സാധ്യതയുണ്ട്.അദ്ദേഹത്തിന്റെ പിതാവ് തന്നെ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. വരുന്ന ജൂലൈയിൽ മാക്ക് ആല്ലിസ്റ്റർ ക്ലബ്ബിനോട് വിട പറയാനുള്ള സാധ്യതയുണ്ട് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. കാർലോസ് മാക്ക് ആല്ലിസ്റ്ററുടെ വാക്കുകൾ ഇങ്ങനെയാണ്.

“ഇപ്പോൾ അദ്ദേഹം ബ്രൈറ്റന്റെ താരമാണ്.വേൾഡ് കപ്പ് ജേതാവായി എന്ന് കരുതി ക്ലബ്ബ് വിടാൻ അദ്ദേഹം ധൃതി കാണിച്ചില്ല എന്നുള്ളത് നല്ല കാര്യമാണ്. അദ്ദേഹം വളരെ സമാധാനത്തോടെ കൂടി എല്ലാം ഇപ്പോൾ ആസ്വദിക്കുകയാണ്.ബ്രൈറ്റൺ എന്ന ടീം അദ്ദേഹത്തെ വളരെയധികം സ്നേഹിക്കുന്നുണ്ട്.അദ്ദേഹത്തിന് ലഭിച്ച സ്വീകരണം അത്ഭുതപ്പെടുത്തുന്നതായിരുന്നു.ഇപ്പോൾ മികച്ച രൂപത്തിലാണ് അദ്ദേഹം ക്ലബ്ബിനോടൊപ്പം മുന്നോട്ടുപോകുന്നത്. പക്ഷേ വരുന്ന ജൂലൈയിൽ അദ്ദേഹം ക്ലബ്ബ് വിടാൻ സാധ്യതയുണ്ട് എന്നുള്ളത് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ” ഇതാണ് അലക്സിസ് മാക്ക് ആല്ലിസ്റ്ററുടെ പിതാവ് പറഞ്ഞിട്ടുള്ളത്.

മറ്റൊരു പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയാണ് താരത്തിന് വേണ്ടി ഇപ്പോൾ സജീവമായി രംഗത്തുള്ളത്. അവരുടെ സൂപ്പർതാരമായ ഗുണ്ടോഗൻ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്.സ്ഥാനത്തേക്കാണ് സിറ്റി ഇപ്പോൾ ഈ അർജന്റീന താരത്തെ പരിഗണിക്കുന്നത്. നേരത്തെ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസും താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *