ചെൽസിയെ പരാജയപ്പെടുത്തി,അർജന്റൈൻ സൂപ്പർ താരവുമായി കരാറിലെത്തി ലിവർപൂൾ.
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ തകർപ്പൻ പ്രകടനം നടത്തിയതോടുകൂടിയാണ് അർജന്റൈൻ സൂപ്പർതാരമായ അലക്സിസ് മാക്ക് ആല്ലിസ്റ്റർക്ക് കൂടുതൽ ജനശ്രദ്ധ ലഭിക്കുന്നത്. വേൾഡ് കപ്പ് അവസാനിച്ച ശേഷം ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ നിരവധി ക്ലബ്ബുകൾ താരത്തിന് വേണ്ടി രംഗത്ത് വന്നിരുന്നു. പക്ഷേ ജനുവരിയിൽ ക്ലബ്ബ് വിടാൻ ഉദ്ദേശിക്കുന്നില്ല എന്നുള്ളത് മാക്ക് ആല്ലിസ്റ്റർ തന്നെ വ്യക്തമാക്കുകയായിരുന്നു.
എന്നാൽ ഈ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹം ക്ലബ്ബ് വിടാൻ തീരുമാനിച്ചിട്ടുണ്ട്. പ്രധാനമായും രണ്ട് ക്ലബ്ബുകളാണ് അദ്ദേഹത്തിന് വേണ്ടി പോരടിച്ചിരുന്നത്. ലിവർപൂൾ, ചെൽസി എന്നിവരായിരുന്നു ശ്രമങ്ങൾ നടത്തിയിരുന്നത്. ഇപ്പോൾ ലിവർപൂളിന്റെ ശ്രമങ്ങൾ ഫലം കണ്ടതായാണ് റിപ്പോർട്ട്. ക്ലബ്ബിനോട് ഈ അർജന്റൈൻ സൂപ്പർ താരം യെസ് പറഞ്ഞുകഴിഞ്ഞു.
Alexis Mac Allister va a ser jugador de Liverpool. pic.twitter.com/aoq2aKhhgK
— Gastón Edul (@gastonedul) May 20, 2023
പ്രമുഖ അർജന്റൈൻ ജേണലിസ്റ്റായ ഗാസ്റ്റൻ എഡ്യൂളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ക്ലബ്ബുമായുള്ള പേഴ്സണൽ ടേംസ് ഒക്കെ അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇനി പേപ്പർ വർക്കുകളാണ് നടക്കാനുള്ളത്. 65 മില്യൺ യൂറോക്ക് മുകളിൽ ട്രാൻസ്ഫർ ഫീ ആയി കൊണ്ട് ബ്രൈറ്റണ് ലഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്തമാസം ഇക്കാര്യത്തിൽ ഒരു ഒഫീഷ്യൽ പ്രഖ്യാപനം ഉണ്ടാവുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആകെ 32 മത്സരങ്ങൾ കളിച്ച ഈ മധ്യനിര താരം 10 ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. ഇനി ക്ലബ്ബിനോടൊപ്പം മൂന്ന് മത്സരങ്ങളാണ് ബ്രൈറ്റണ് അവശേഷിക്കുന്നത്. അതിനുശേഷം താരം ക്ലബ്ബ് വിടും.പക്ഷേ ലിവർപൂളിനൊപ്പം അടുത്ത ചാമ്പ്യൻസ് ലീഗ് കളിക്കാൻ സാധിക്കുമോ എന്നുള്ള കാര്യത്തിൽ ഇപ്പോൾ ഉറപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല.