ചെറിയ റിലീസ് ക്ലോസ്, രണ്ട് ഫ്രഞ്ച് താരങ്ങൾക്ക് പുറമേ ഗ്രീസ്മാനെ കൂടി സ്വന്തമാക്കാൻ MLS ക്ലബ്!
ഫ്രഞ്ച് സൂപ്പർ താരമായ അന്റോയിൻ ഗ്രീസ്മാൻ നിലവിൽ അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.ക്ലബ്ബുമായി ഒരു വർഷത്തെ കരാർ മാത്രമാണ് അദ്ദേഹത്തിന് അവശേഷിക്കുന്നത്. മാത്രമല്ല റിപ്പോർട്ടുകൾ പ്രകാരം ചെറിയ ഒരു റിലീസ് ക്ലോസ് മാത്രമാണ് ഗ്രീസ്മാന് ഉള്ളത്. 10 മില്യൺ യൂറോ നൽകിയാൽ അദ്ദേഹത്തെ സ്വന്തമാക്കാൻ ക്ലബ്ബുകൾക്ക് സാധിക്കും. പക്ഷേ ഗ്രീസ്മാൻ കൂടി മനസ്സ് വെക്കണമെന്ന് മാത്രം.
അമേരിക്കൻ ലീഗിൽ കളിക്കാൻ താൻ വളരെയധികം ആഗ്രഹിക്കുന്നുണ്ട് എന്നുള്ളത് ഗ്രീസ്മാൻ നേരത്തെ തുറന്നു പറഞ്ഞിട്ടുള്ള കാര്യമാണ്.അത്ലറ്റിക്കോ വിടുകയാണെങ്കിൽ അദ്ദേഹം എംഎൽഎസിലേക്ക് പോകാനുള്ള സാധ്യതകൾ ഏറെയാണ്. താരത്തെ സ്വന്തമാക്കാൻ വേണ്ടി അമേരിക്കൻ ക്ലബ്ബായ ലോസ് ആഞ്ചലസ് എഫ്സി ഇപ്പോൾതന്നെ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പ്രമുഖ മാധ്യമമായ ഗോൾ ഡോട്ട് കോം ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഓഗസ്റ്റ് പതിനാലാം തീയതിയാണ് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോ അടക്കുക. അതിനു മുന്നേ താരത്തെ സൈൻ ചെയ്യാനുള്ള ശ്രമങ്ങൾ LAFC നടത്തുമെന്നാണ് റിപ്പോർട്ടുകൾ എങ്കിലും ഗ്രീസ്മാൻ പോകാനുള്ള സാധ്യത കുറവാണ്. പക്ഷേ വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹത്തെ കൊണ്ടുവരാൻ കഴിയും എന്നാണ് LAFC കരുതുന്നത്. ഫെബ്രുവരിയിലാണ് അമേരിക്കയിൽ സീസൺ തുടങ്ങുക. അതിന് മുന്നേ ടീമിനോടൊപ്പം താരത്തെ ചേർക്കാനാണ് ക്ലബ്ബ് ആഗ്രഹിക്കുന്നത്.ഗ്രീസ്മാൻ കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ അത്ലറ്റിക്കോ അദ്ദേഹത്തെ കൈവിടാനുള്ള സാധ്യതകൾ ഏറെയാണ്.
സോർലോത്,ആൽവരസ് തുടങ്ങിയ സ്ട്രൈക്കർമാരെ അത്ലറ്റിക്കോ സ്വന്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗ്രീസ്മാൻ ക്ലബ്ബ് വിട്ടാലും വലിയ പ്രതിസന്ധി ഉണ്ടാവില്ല എന്നാണ് അവർ കരുതുന്നത്. ഫ്രഞ്ച് താരങ്ങളായ ഹ്യൂഗോ ലോറിസ്,ഒലിവർ ജിറൂദ് എന്നിവർ LAFC യുടെ താരങ്ങളാണ്. അതുകൊണ്ടുതന്നെ ഗ്രീസ്മാൻ അവിടേക്ക് എത്താനുള്ള സാധ്യതകൾ ഏറെയാണ്.15 വർഷക്കാലമായി ഫുട്ബോൾ ലോകത്ത് തുടരുന്ന ഗ്രീസ്മാൻ ആകെ 268 ഗോളുകളും 115 അസിസ്റ്റുകളും ആണ് കരിയറിനൽ സ്വന്തമാക്കിയിട്ടുള്ളത്.