ഗർനാച്ചോയെ റയൽ മാഡ്രിഡിന് വേണം, കാര്യങ്ങൾ വേഗത്തിലാക്കി യുണൈറ്റഡ്!

ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി യുവ സൂപ്പർതാരമായ അലജാൻഡ്രോ ഗർനാച്ചോ പുറത്തെടുക്കുന്നത്.ആകെ ഈ സീസണിൽ 15 മത്സരങ്ങൾ കളിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. രണ്ട് ഗോളുകളും 4 അസിസ്റ്റുകളും ഇപ്പോൾ തന്നെ താരം കരസ്ഥമാക്കിയിട്ടുണ്ട്.ഭാവി വാഗ്ദാനമായി കൊണ്ടാണ് അർജന്റീനയും യുണൈറ്റഡും ഗർനാച്ചോയെ പരിഗണിക്കുന്നത്.

എന്നാൽ കഴിഞ്ഞ ദിവസം ഒരു റൂമർ പുറത്തേക്ക് വന്നിരുന്നു. സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് ഗർനാച്ചോയിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിൽ നീക്കങ്ങൾ ഒന്നും തന്നെ റയൽ മാഡ്രിഡ് നടത്തിയിട്ടില്ല.മറിച്ച് താരത്തിന്റെ ഇപ്പോഴത്തെ സാഹചര്യങ്ങൾ റയൽ നിരീക്ഷിക്കുന്നുണ്ട്. കൂടാതെ ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിനും താരത്തിൽ താല്പര്യമുണ്ട്.

പക്ഷേ താരത്തെ വിട്ട് നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഗ്രഹിക്കുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. 2025 വരെയുള്ള ഒരു കരാറാണ് ഗർനാച്ചോക്കുള്ളത്.പക്ഷേ നിലവിലെ കരാറിൽ അദ്ദേഹം സംതൃപ്തനല്ല. അതുകൊണ്ടുതന്നെ കൂടുതൽ മെച്ചപ്പെട്ട ഒരു പുതിയ കരാർ താരത്തിന് വേണ്ടി നൽകാനുള്ള ശ്രമങ്ങളിലാണ് യുണൈറ്റഡ് ഉള്ളത്.അതിനുവേണ്ടിയുള്ള ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു എന്നാണ് പ്രമുഖ മാധ്യമമായ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മാത്രമല്ല യുണൈറ്റഡ് കാര്യങ്ങൾ വേഗത്തിലാക്കുകയും ചെയ്തിട്ടുണ്ട്.

അർജന്റീനയുടെ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള താരം കൂടിയാണ് ഗർനാച്ചോ. പക്ഷേ അരങ്ങേറ്റം കുറിക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. അതേസമയം കഴിഞ്ഞ മാഞ്ചസ്റ്റർ ഡർബിയിൽ അസിസ്റ്റ് നേടിക്കൊണ്ട് ഒരു റെക്കോർഡ് കരസ്ഥമാക്കാനും ഈ അർജന്റീനയുടെ യുവ സൂപ്പർതാരത്തിന് കഴിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *