ക്രിസ്റ്റ്യാനോ റൊണാൾഡോ ലോണിൽ ന്യൂ കാസിലിൽ എത്തുമോ? സാധ്യതകൾ എത്രത്തോളം?

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റിന്റെ താരമാണ്. വലിയ സാലറി നൽകി കൊണ്ടാണ് 2025 വരെയുള്ള ഒരു കരാറിൽ റൊണാൾഡോയെ സൗദി അറേബ്യൻ ക്ലബ്ബ് സ്വന്തമാക്കിയിട്ടുള്ളത്.ഇന്നലെ റൊണാൾഡോ റിയാദിൽ എത്തുകയും ചെയ്തിരുന്നു. ഇന്ന് അദ്ദേഹത്തെ തങ്ങളുടെ സ്വന്തം മൈതാനത്ത് അൽ നസ്സ്ർ അവതരിപ്പിക്കുകയും ചെയ്യും.

എന്നാൽ പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക റൊണാൾഡോയുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോയുടെ കോൺട്രാക്ടിൽ ഒരു പ്രത്യേക തരം ക്ലോസ് ഉണ്ട് എന്നാണ് ഇവർ അവകാശപ്പെടുന്നത്.റൊണാൾഡോക്ക് പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡിലേക്ക് ലോൺ അടിസ്ഥാനത്തിൽ പോവാനുള്ള ഒരു അവസരം ഈ ക്ലോസ് നൽകുന്നുണ്ട്.

നിലവിൽ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്താണ് ന്യൂകാസിൽ യുണൈറ്റഡ് ഉള്ളത്. അടുത്ത യുവേഫ ചാമ്പ്യൻസ് ലീഗിന് അവർ യോഗ്യത നേടുകയാണെങ്കിൽ റൊണാൾഡോക്ക് ലോൺ അടിസ്ഥാനത്തിൽ ന്യൂകാസിലിൽ എത്താനും അതുവഴി ചാമ്പ്യൻസ് ലീഗ് കളിക്കാനും അവസരമുണ്ട് എന്നാണ് മാർക്ക റിപ്പോർട്ട് ചെയ്യുന്നത്. സൗദി അറേബ്യൻ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടാണ് ന്യൂകാസിലിന്റെ ഉടമസ്ഥർ. അതുകൊണ്ടുതന്നെയാണ് ഈ ക്ലോസ് ഉള്ളതെന്നും മാർക്ക അവകാശപ്പെടുന്നുണ്ട്.

പക്ഷേ ഈ കാര്യത്തിൽ ഇതുവരെ സ്ഥിരീകരണങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. റൊണാൾഡോയുടെ കോൺട്രാക്ടിൽ ഇത്തരത്തിലുള്ള ഒരു ക്ലോസ് ഉണ്ടോ എന്നുള്ളത് ഒഫീഷ്യലായി കൊണ്ട് അൽ നസ്ർ പുറത്തുവിട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഇത് കേവലം ഒരു റൂമർ മാത്രമായി അവശേഷിക്കുകയാണ്.യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇപ്പോഴും റൊണാൾഡോ കളിക്കാൻ ആഗ്രഹിക്കുന്നുണ്ട് എന്നുള്ളത് വ്യക്തമാണ്. പക്ഷേ യൂറോപ്പിൽ നിന്നും ഓഫറുകൾ വരാത്തതിനാലാണ് റൊണാൾഡോ ഏഷ്യയിലേക്ക് ചേക്കേറിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *