ക്രിസ്റ്റ്യാനോ അൽ നസ്സ്റിൽ എത്തുമോ? പ്രതികരിച്ച് ക്ലബ്ബിന്റെ സ്‌പോട്ടിംഗ് ഡയറക്ടർ !

യൂറോപ്പിലെ പ്രധാനപ്പെട്ട ലീഗുകളെല്ലാം പുനരാരംഭിക്കുന്ന സമയത്തും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കളത്തിൽ കാണാൻ കഴിയില്ല എന്നുള്ളത് അദ്ദേഹത്തിന്റെ ആരാധകർക്ക് വലിയ നിരാശ നൽകുന്ന ഒരു കാര്യമാണ്. നിലവിൽ റൊണാൾഡോ ഫ്രീ ഏജന്റ് ആണ്. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ പരസ്യമായി വിമർശനങ്ങൾ ഉന്നയിച്ചതോടെ അദ്ദേഹത്തിന്റെ ക്ലബ്ബുമായുള്ള കരാർ റദ്ദാക്കപ്പെട്ടിരുന്നു.

പുതിയ ക്ലബ്ബിന് വേണ്ടിയുള്ള അന്വേഷണത്തിലാണ് നിലവിൽ റൊണാൾഡോ ഉള്ളത്. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്ർ മാത്രമാണ് നിലവിൽ റൊണാൾഡോക്ക് വേണ്ടി രംഗത്തുള്ളത്. ഒരു വലിയ ഓഫറാണ് റൊണാൾഡോക്ക് മുന്നിൽ ഇപ്പോൾ സൗദി അറേബ്യൻ ക്ലബ്ബ് വെച്ച് നീട്ടിയിട്ടുള്ളത്.പക്ഷേ റൊണാൾഡോ ഇത് സ്വീകരിക്കുമോ ഇല്ലയോ എന്നുള്ളത് ഇപ്പോഴും അവ്യക്തമായ കാര്യമാണ്.

റൊണാൾഡോക്ക് വേണ്ടി ശ്രമിക്കുന്നുണ്ടോ,അദ്ദേഹം ക്ലബ്ബിലേക്ക് എത്താൻ സാധ്യതയുണ്ട് എന്നുള്ള ചോദ്യം അൽ നസ്സ്റിന്റെ സ്‌പോട്ടിംഗ് ഡയറക്ടറോട് ചോദിക്കപ്പെട്ടിരുന്നു. നിലവിലെ അവസ്ഥയിൽ ഒന്നും പറയാൻ പറ്റില്ല എന്ന് പറഞ്ഞ് ഇദ്ദേഹം റൊണാൾഡോക്ക് വേണ്ടി ശ്രമിക്കുന്നുണ്ട് എന്നുള്ള രൂപത്തിൽ തന്നെയാണ് സംസാരിച്ചിട്ടുള്ളത്. അൽ നസ്സ്റിന്റെ സ്പോർട്ടിംഗ് ഡയറക്ടർ ആയ മാർസലോ സലാസാർ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

” ക്രിസ്റ്റ്യാനോയുടെ കാര്യത്തിൽ എനിക്ക് യെസ് പറയാനോ നോ പറയാനോ ഉള്ള അവകാശം ഇപ്പോൾ ഇല്ല. എങ്ങനെയാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത് എന്നുള്ളത് നമുക്ക് നോക്കികാണാം. പക്ഷേ ഇതൊരു വലിയ വിലപേശലാണ്. ക്ലബ്ബിന്റെ കാര്യത്തിൽ മാത്രമല്ല, ഈ രാജ്യത്തിന്റെയും ലോകഫുട്ബോളിന്റെയും കാര്യത്തിൽ ഇതിന് വലിയ സ്ഥാനമുണ്ട് ” ഇതാണ് അൽ നസ്സ്ർ സ്പോർട്ടിംഗ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്.

ഏതായാലും ക്രിസ്റ്റ്യാനോക്ക് വേണ്ടി സൗദി അറേബ്യൻ ക്ലബ്ബ് ശ്രമിക്കുന്നുണ്ട് എന്നുള്ളത് യാഥാർത്ഥ്യമാണ്.റൊണാൾഡോയാണ് ഇവിടെ തീരുമാനങ്ങൾ എടുക്കേണ്ടത്. പക്ഷേ അദ്ദേഹം ഇതുവരെ തീരുമാനങ്ങൾ ഒന്നും തന്നെ കൈകൊണ്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *