ക്രിസ്റ്റ്യാനോയെയും സിദാനെയും ഒരുമിപ്പിക്കണം,റെക്കോർഡ് ഓഫർ നൽകി അൽ നസ്ർ.

സൗദി അറേബ്യൻ ക്ലബ് ആയ അൽ നസ്ർ തങ്ങളുടെ പരിശീലകനായ റൂഡി ഗാർഷ്യ യെ പരിശീലക സ്ഥാനത്തു നിന്നും പുറത്താക്കിയിരുന്നു. ടീമിന്റെ മോശം പ്രകടനത്തെ തുടർന്നും ഡ്രസ്സിംഗ് റൂമിലെ അതൃപ്തിയെ തുടർന്നുമായിരുന്നു ഗാർഷ്യയെ ക്ലബ്ബ് പുറത്താക്കിയിരുന്നത്.താൽക്കാലിക പരിശീലകനായി കൊണ്ട് ഡിങ്കോയെ അവർ നിയമിച്ചിട്ടുണ്ട്. അടുത്ത സീസണിലേക്ക് ഒരു സ്ഥിര പരിശീലകനെ ഇപ്പോൾ ക്ലബ്ബിന് ആവശ്യവുമുണ്ട്.

ഹോസേ മൊറിഞ്ഞോയെ ഈ സ്ഥാനത്തേക്ക് അവർ ഗൗരവമായി തന്നെ പരിഗണിക്കുന്നുണ്ട്. 100 മില്യൺ യൂറോയുടെ ഒരു ഓഫർ രണ്ടു വർഷത്തേക്ക് അവർ ഈ പരിശീലകന് നൽകിയിരുന്നു.എന്നാൽ ആ ഓഫറിൽ റോമയുടെ പരിശീലകനായ മൊറിഞ്ഞോ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ല.

മൊറിഞ്ഞോക്കൊപ്പം തന്നെ ഈ സൗദി ക്ലബ്ബ് ഏറ്റവും കൂടുതൽ പരിഗണിക്കുന്ന പരിശീലകനാണ് സിനദിൻ സിദാൻ.ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വളരെയധികം താല്പര്യമുള്ള വ്യക്തി കൂടിയാണ് സിദാൻ. മാത്രമല്ല രണ്ടു വർഷത്തേക്ക് 120 മില്യൺ യൂറോയുടെ ഒരു ഓഫർ ഇവർ ഈ പരിശീലകന് വാഗ്ദാനം ചെയ്തു കഴിഞ്ഞു എന്നാണ് മാർക്ക കണ്ടെത്തിയിരിക്കുന്നത്.

ഒരു പരിശീലകനെ സംബന്ധിച്ചിടത്തോളം ഇതൊരു റെക്കോർഡ് ഓഫർ തന്നെയാണ്. ഇതിനു മുൻപ് ആർക്കും തന്നെ ഒരു സീസണിന് 60 മില്യൺ യൂറോ സാലറിയായി കൊണ്ട് വാഗ്ദാനം ചെയ്യപ്പെട്ടിട്ടില്ല. പക്ഷേ സിദാൻ ഈ ഓഫർ സ്വീകരിക്കാനുള്ള സാധ്യത വളരെയധികം കുറവാണ് എന്ന് തന്നെയാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. യൂറോപ്പിൽ തന്നെ തുടരാൻ ആയിരിക്കും സിദാൻ ഇപ്പോൾ ലക്ഷ്യം വെക്കുന്നത്.

നേരത്തെ റയൽ മാഡ്രിഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിശീലിപ്പിക്കാൻ സാധിച്ചിട്ടുള്ള പരിശീലകനാണ് സിദാൻ.അവിടെ തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടിക്കൊടുക്കാൻ കഴിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *