കൂട്ടിഞ്ഞോ ബ്രസീലിലേക്ക് തന്നെ!
ബ്രസീലിയൻ സൂപ്പർതാരമായ ഫിലിപ്പെ കൂട്ടിഞ്ഞോ നിലവിൽ ഖത്തറിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഖത്തർ ക്ലബ്ബായ അൽ ദുഹൈൽ എസ്സിയുടെ താരമാണ് ഇപ്പോൾ കൂട്ടിഞ്ഞോ. ഈ സീസണിൽ മോശമല്ലാത്ത രൂപത്തിൽ അദ്ദേഹം കളിച്ചിട്ടുണ്ട്.ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ മൂന്നു മത്സരങ്ങളിൽ നിന്ന് രണ്ടു ഗോളുകളും ഒരു അസിസ്റ്റും താരം സ്വന്തമാക്കിയിരുന്നു.
യഥാർത്ഥത്തിൽ കൂട്ടിഞ്ഞോ പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൻ വില്ലയുടെ താരമാണ്. ലോൺ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇപ്പോൾ ഖത്തറിൽ കളിച്ചു കൊണ്ടിരിക്കുന്നത്. ലോൺ പൂർത്തിയാക്കി വില്ലയിലേക്ക് മടങ്ങാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. മറിച്ച് തന്റെ രാജ്യമായ ബ്രസീലിലേക്ക് തന്നെ മടങ്ങാനാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ബ്രസീലിയൻ ക്ലബ്ബായ വാസ്ക്കോ ഡ ഗാമ അദ്ദേഹത്തെ തിരിച്ചെത്തിക്കാൻ താല്പര്യപ്പെടുന്നുണ്ട്.
വാസ്ക്കോയിലൂടെ കരിയർ ആരംഭിച്ച താരമാണ് കൂട്ടിഞ്ഞോ.അങ്ങോട്ട് തന്നെ മടങ്ങിപ്പോവാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.ആസ്റ്റൻ വില്ലയുമായുള്ള കരാർ റദ്ധാക്കിക്കൊണ്ട് അദ്ദേഹത്തെ ഫ്രീ ട്രാൻസ്ഫറിൽ എത്തിക്കാനാണ് വാസ്ക്കോ താല്പര്യപ്പെടുന്നത്.കൂട്ടിഞ്ഞോയുടെ ക്യാമ്പുമായി വാസ്ക്കോ അധികൃതർ സംസാരിക്കുന്നുണ്ട്. പക്ഷേ വില്ല അദ്ദേഹത്തിന്റെ കോൺട്രാക്ട് ടെർമിനേറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. മറിച്ച് അവർക്ക് ട്രാൻസ്ഫർ ഫീ ആവശ്യമാണ്.

ചുരുങ്ങിയത് 6 മില്യൻ പൗണ്ട് എങ്കിലും വില്ല ആവശ്യപ്പെടും എന്നാണ് റിപ്പോർട്ടുകൾ. വേണമെങ്കിൽ താരത്തെ ലോൺ അടിസ്ഥാനത്തിൽ കൈമാറാനും വില്ല തയ്യാറാണ്. ഏതായാലും ഈയൊരു പ്രശ്നം പരിഹരിക്കാനുള്ള ശ്രമമാണ് വാസ്ക്കോ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.കൂട്ടിഞ്ഞോ അടുത്ത സീസണിൽ ബ്രസീലിൽ കളിക്കാനുള്ള സാധ്യതകൾ തന്നെയാണ് ഉള്ളതെന്ന് മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലിവർപൂളിലും ബ്രസീലിലും മിന്നുന്ന പ്രകടനം നടത്തിയിരുന്ന കൂട്ടിഞ്ഞോ ബാഴ്സലോണയിൽ എത്തിയതിനു ശേഷം നിറം മങ്ങുന്ന കാഴ്ചയായിരുന്നു ആരാധകർക്ക് കാണാൻ കഴിഞ്ഞിരുന്നത്.