എൻഡ്രിക്കിന് വേണ്ടി കടുത്ത പോരാട്ടം, നിലവിൽ രംഗത്തുള്ളത് മൂന്ന് വമ്പൻ ക്ലബ്ബുകൾ!

ഫുട്ബോൾ ലോകത്തെ ഭാവി സൂപ്പർ താരമായി വിലയിരുത്തപ്പെടുന്ന താരമാണ് എൻഡ്രിക്ക്. ബ്രസീലിയൻ താരമായ ഇദ്ദേഹം ബ്രസീലിയൻ ക്ലബ്ബായ പാൽമിറാസിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. കേവലം 16 വയസ്സ് മാത്രമുള്ള താരം ഇപ്പോൾതന്നെ ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ചു കഴിഞ്ഞു.

പാൽമിറാസിന്റെ സീനിയർ ടീമിന് വേണ്ടി ബ്രസീലിയൻ ലീഗിൽ അഞ്ച് മത്സരങ്ങളിൽ ആണ് ഈ 16 കാരൻ പങ്കെടുത്തിട്ടുള്ളത്.ഈ മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല ബ്രസീലിന്റെ അണ്ടർ 17 ടീമിന് വേണ്ടി നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും എൻഡ്രിക്ക് കരസ്ഥമാക്കിയിട്ടുണ്ട്.

18 വയസ്സ് പൂർത്തിയായാൽ അഥവാ 2024 ലാണ് താരത്തിന് യൂറോപ്പിലേക്ക് ചേക്കേറാൻ സാധിക്കുക.താരത്തിനുവേണ്ടി നിരവധി യൂറോപ്യൻ ക്ലബ്ബുകൾ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.പ്രധാനമായും മൂന്ന് ടീമുകളാണ് താരത്തിന് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. റയൽ മാഡ്രിഡ്,പിഎസ്ജി,ചെൽസി എന്നിവരാണ് ഈ ബ്രസീലിയൻ യുവതാരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തുന്നത്.

പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.പിഎസ്ജി,റയൽ മാഡ്രിഡ് എന്നീ ക്ലബ്ബുകൾക്കാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്.എൻഡ്രിക്ക് റയലിനെ ഇഷ്ടപ്പെടുന്ന ഒരു താരമായതിനാൽ അത് തങ്ങൾക്ക് ഗുണകരമാകും എന്നാണ് റയൽ കരുതുന്നത്.

എന്നാൽ ആരും തന്നെ ഒരു ഒഫീഷ്യൽ ബിഡ് ഇതുവരെ സമർപ്പിച്ചിട്ടില്ല. 60 മില്യൺ യൂറോയാണ് താരത്തിന്റെ റിലീസ് ക്ലോസ്. ഏതായാലും ഇപ്പോൾ താരത്തിന്റെ കാര്യത്തിൽ കരാറിൽ എത്തിക്കൊണ്ട് 2024ൽ താരത്തെ ടീമിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആണ് ക്ലബ്ബുകൾ നടത്തുന്നത്.എൻഡ്രിക്കിന് വേണ്ടി ഒരു കടുത്ത പോരാട്ടം തന്നെ നടക്കും എന്നുള്ള കാര്യത്തിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *