എച്ചവേരിക്ക് ഡിമാൻഡ് വർദ്ധിക്കുന്നു,ബാഴ്സക്ക് വെല്ലുവിളിയായി കൂടുതൽ ക്ലബ്ബുകൾ രംഗത്ത്!

അർജന്റീന യുവ പ്രതിഭയായ ക്ലോഡിയോ എച്ചവേരി സമീപകാലത്ത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.നെക്സ്റ്റ് മെസ്സി എന്നറിയപ്പെടുന്ന ഈ താരം കഴിഞ്ഞ അണ്ടർ 17 വേൾഡ് കപ്പിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ബ്രസീലിനെതിരെയുള്ള മത്സരത്തിൽ ഹാട്രിക്കായിരുന്നു താരം കരസ്ഥമാക്കിയിരുന്നത്. നിലവിൽ അർജന്റൈൻ വമ്പൻമാരായ റിവർ പ്ലേറ്റിനു വേണ്ടിയാണ് ഈ 17കാരൻ കളിച്ചുകൊണ്ടിരിക്കുന്നത്.

വരുന്ന സമ്മറിൽ അദ്ദേഹത്തിന്റെ കോൺട്രാക്ട് പൂർത്തിയാകും.ആ കോൺട്രാക്ട് പുതുക്കാൻ അദ്ദേഹം ഉദ്ദേശിക്കുന്നില്ല. മറിച്ച് 18 വയസ്സ് പൂർത്തിയാകുന്നതോടെ യൂറോപ്പിലേക്ക് ചേക്കേറാനാണ് അദ്ദേഹത്തിന്റെ പദ്ധതികൾ. യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകളും അദ്ദേഹത്തിന് വേണ്ടി രംഗത്ത് വന്നിട്ടുണ്ട്. സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണക്കാണ് ഇപ്പോൾ ഏറ്റവും കൂടുതൽ സാധ്യതകൾ കൽപ്പിക്കുന്നത്.

സാവി ഈയിടെ താരത്തെക്കുറിച്ച് സംസാരിച്ചിരുന്നു. മാത്രമല്ല എച്ചവേരിയുടെ ക്യാമ്പുമായി ബാഴ്സലോണ ചർച്ചകൾ നടത്തുന്നുണ്ട്.ബാഴ്സയിലേക്ക് വരാൻ തന്നെയാണ് അദ്ദേഹത്തിന് ആഗ്രഹം. എന്നാൽ FFP നിയമങ്ങൾ ബാഴ്സക്ക് വലിയ തിരിച്ചടിയാണ്. അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയും സജീവമായി താരത്തിനു വേണ്ടി രംഗത്തുണ്ട്. നേരത്തെ റിവർ പ്ലേറ്റിൽ നിന്നും ഹൂലിയൻ ആൽവരസിനെ സ്വന്തമാക്കിയവരാണ് മാഞ്ചസ്റ്റർ സിറ്റി.

റയൽ മാഡ്രിഡ്,പിഎസ്ജി എന്നിവരൊക്കെ ഈ താരത്തിൽ താൽപര്യം പ്രകടിപ്പിച്ച ക്ലബ്ബുകളാണ്. ഇതിനൊക്കെ പുറമേ ഇപ്പോൾ ചെൽസി കൂടി അദ്ദേഹത്തിന് വേണ്ടി രംഗത്ത് വന്നിട്ടുണ്ട്. അധികം വൈകാതെ തന്നെ ചെൽസി അധികൃതർ ബിഡ് സമർപ്പിച്ചേക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.ഈ അർജന്റൈൻ താരത്തിന് ഡിമാൻഡ് വർധിക്കുന്ന ഒരു കാഴ്ചയാണ് നമുക്കിപ്പോൾ കാണാൻ സാധിക്കുക.അധികം വൈകാതെ തന്നെ യൂറോപ്പിലെ ഏതെങ്കിലും പ്രമുഖ ക്ലബ്ബിൽ താരത്തെ കാണാൻ സാധിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *