എംബാപ്പെ, കാമവിങ്ക, ഉപമെക്കാനോ, ഫ്രഞ്ച് യുവനിരയെ കൂട്ടത്തോടെ ടീമിലെത്തിക്കാൻ റയൽ മാഡ്രിഡ്‌ !

ഈ ട്രാൻസ്ഫർ വിൻഡോയിൽ ഒരൊറ്റ സൈനിങ്‌ പോലും നടത്താത്ത ടീമാണ് റയൽ മാഡ്രിഡ്‌. നിലവിലെ സ്‌ക്വാഡ് തന്നെ മതിയെന്ന് റയൽ പ്രസിഡന്റ്‌ പെരെസും പരിശീലകൻ സിദാനും തീരുമാനിക്കുകയായിരുന്നു. പക്ഷെ അടുത്ത ട്രാൻസ്ഫറിൽ റയൽ മാഡ്രിഡ്‌ കാര്യമായ തോതിൽ തന്നെ പണമെറിയുമെന്നുറപ്പാണ്.റയൽ മാഡ്രിഡിന്റെ ഏറ്റവും വലിയ ട്രാൻസ്ഫർ ലക്ഷ്യമായ കിലിയൻ എംബാപ്പെയെ അടുത്ത സീസണിലായിരിക്കും റയൽ മാഡ്രിഡ്‌ പിഎസ്ജിയിൽ റാഞ്ചുക. എംബാപ്പെക്കും റയൽ മാഡ്രിഡിനോട് താല്പര്യമുണ്ട്. അത്കൊണ്ട് തന്നെയാണ് പിഎസ്ജിയുമായി എംബാപ്പെ ഇതുവരെ കരാർ പുതുക്കാത്തതും. എന്നാൽ എംബാപ്പെയെ മാത്രമല്ല റയൽ അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ ലക്ഷ്യം വെക്കുന്നത്. താരത്തെ കൂടാതെ മറ്റു രണ്ട് ഫ്രഞ്ച് താരങ്ങളെയും പെരെസ് ലക്ഷ്യമിടുന്നുണ്ട്. കാമവിങ്കയെയും ഉപമെക്കാനോയെയും.സ്പാനിഷ് മാധ്യമമായ എഎസ്സാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

എംബാപ്പെക്കും കാമവിങ്കക്കുമാണ് റയൽ പ്രഥമപരിഗണന നൽകുന്നത്. പതിനേഴുകാരനായ കാമവിങ്ക ഫ്രഞ്ച് ക്ലബായ റെന്നസിന്റെ താരമാണ്. മധ്യനിര താരമായ കാമവിങ്ക പതിനേഴാം വയസ്സിൽ തന്നെ ഫ്രാൻസിന് വേണ്ടി അരങ്ങേറ്റം കുറിച്ചിരുന്നു. വളരെയധികം മികച്ച പ്രകടനമാണ് താരം കാഴ്ച്ചവെക്കുന്നത്. അതിനാൽ തന്നെ പിഎസ്ജിയും താരത്തിന് വേണ്ടി ശക്തമായി രംഗത്തുണ്ട്. എഴുപത് മില്യൺ യുറോയെങ്കിലും താരത്തിന് വില വരുമെന്നാണ് പ്രതീക്ഷപ്പെടുന്നത്. ഈ ഇടക്കാലയളവിൽ റയൽ താരത്തിന് വേണ്ടി ശ്രമിച്ചിരുന്നുവെങ്കിലും കോവിഡ് വന്നതോടെ ഒന്ന് തണുക്കുകയായിരുന്നു. മറ്റൊരു താരം ഫ്രാൻസിന്റെ തന്നെ ഡിഫൻഡർ ഉപമെക്കാനോയാണ്. കഴിഞ്ഞ ദിവസം ഫ്രാൻസിന് വേണ്ടി ഗോൾ നേടിയ താരം ഈ ചാമ്പ്യൻസ് ലീഗിൽ ആർബി ലീപ്സിഗിന് വേണ്ടി മിന്നും പ്രകടനമായിരുന്നു കാഴ്ച്ചവെച്ചിരുന്നത്. താരത്തെയും ക്ലബ്ബിൽ എത്തിക്കാൻ അടുത്ത ട്രാൻസ്ഫറിൽ റയൽ ശ്രമിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *