ആര് പോയാലും ഞങ്ങൾ നന്നായി കളിക്കും, അവനേക്കാൾ വലുതാണ് ഈ ക്ലബ്ബ്: എൻസോയുടെ ട്രാൻസ്ഫറിൽ പ്രതികരിച്ച് ബെൻഫിക്ക കോച്ച്

ജനുവരി ട്രാൻസ്ഫർ വിൻഡോയുടെ അവസാന മണിക്കൂറുകളിലാണ് ബെൻഫിക്കയുടെ അർജന്റൈൻ സൂപ്പർതാരമായ എൻസോ ഫെർണാണ്ടസിനെ ചെൽസി സ്വന്തമാക്കിയത്.121 മില്യൺ യൂറോ എന്ന റെക്കോർഡ് തുകയാണ് അദ്ദേഹത്തിന് വേണ്ടി ചെൽസി ചിലവഴിച്ചിരിക്കുന്നത്.2031 വരെയുള്ള ഒരു കരാറിലാണ് അദ്ദേഹം സൈൻ ചെയ്തിരിക്കുന്നത്. താരത്തെ കൈവിടാൻ ബെൻഫിക്ക പരിശീലകനായ റോജർ ഷ്‌മിറ്റ് ആഗ്രഹിച്ചിരുന്നില്ല. താരം ക്ലബ്ബിൽ തന്നെ തുടരും എന്നുള്ള കാര്യം ഒരുപാട് തവണ അദ്ദേഹം മുമ്പ് ആവർത്തിച്ചിരുന്നു.

എന്നാൽ താരത്തിന്റെ റിലീസ് ക്ലോസ് നൽകിക്കൊണ്ട് ചെൽസി എൻസോയെ സ്വന്തമാക്കുകയായിരുന്നു.ഈ ട്രാൻസ്ഫറിൽ ഇപ്പോൾ ബെൻഫിക്ക പരിശീലകൻ പ്രതികരിച്ചിട്ടുണ്ട്. ആ ഒരു താരത്തെക്കാൾ വലുതാണ് ക്ലബ്ബ് എന്നും ആര് ക്ലബ്ബ് വിട്ടാലും ഞങ്ങൾ നന്നായി കളിക്കും എന്നുമാണ് ബെൻഫിക്ക പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഒരു മികച്ച താരത്തെ നഷ്ടമാവുക എന്നുള്ളത് എപ്പോഴും ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്. പക്ഷേ എൻസോ ഫെർണാണ്ടസ് ഇല്ലെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ഞങ്ങൾക്ക് കഴിയുമെന്നുള്ളത് ഞങ്ങൾ തെളിയിച്ചതാണ്. ചാമ്പ്യന്മാർ ആവുക എന്നുള്ളതാണ് ഞങ്ങളുടെ താരങ്ങളുടെ ലക്ഷ്യം.അതിൽ മാത്രമാണ് ഞങ്ങൾ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്.ഒരു താരത്തെക്കാൾ വലിയ ക്ലബ്ബാണ് ഞങ്ങളുടേത്.ബെൻഫിക്കക്ക്‌ വേണ്ടി കളിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന താരങ്ങളെ മാത്രം ഞങ്ങൾക്ക് മതി. ക്ലബ്ബിനോട് പാഷൻ ഉണ്ടാവണം.ഒരു താരം ക്ലബ്ബ് വിടാൻ തയ്യാറാവുകയും മറ്റൊരു ക്ലബ്ബ് റിലീസ് ക്ലോസ് നൽകാൻ തയ്യാറാവുകയും ചെയ്താൽ ഞങ്ങൾക്ക് ഒന്നും തന്നെ ചെയ്യാനില്ല. ഞങ്ങൾ അത് അംഗീകരിച്ചുകൊണ്ട് മുന്നോട്ടുപോകതന്നെ ചെയ്യും ” ഇതാണ് ബെൻഫിക്ക പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് ഈ പോർച്ചുഗീസ് ക്ലബ്ബ് ഇപ്പോൾ പുറത്തെടുക്കുന്നത്. എൻസോ ഫെർണാണ്ടസിന്റെ അഭാവത്തിലും കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബെൻഫിക്ക വിജയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *