അർജന്റൈൻ വണ്ടർ കിഡിനെ സ്വന്തമാക്കി യൂറോപ്പ്യൻ വമ്പന്മാർ, ജനുവരിയിൽ എത്തും!

അർജന്റീനയിൽ നിന്നും ഒരുപാട് യുവ പ്രതിഭകൾ ഇപ്പോൾ യൂറോപ്പിലേക്ക് ചേക്കേറി കൊണ്ടിരിക്കുന്ന ഒരു സമയമാണിത്. പല പ്രതിഭകളെയും സ്വന്തമാക്കാൻ വേണ്ടി വമ്പന്മാർ രംഗത്ത് വരുന്നുണ്ട്. എടുത്തു പറയേണ്ട താരം ലിറ്റിൽ മെസ്സി എന്നറിയപ്പെടുന്ന ക്ലോഡിയോ എച്ചവേരിയാണ്. യൂറോപ്പിലെ ഒട്ടുമിക്ക വമ്പൻ ക്ലബ്ബുകളും അദ്ദേഹത്തിന് ഇപ്പോൾ താൽപര്യം പ്രകടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ അണ്ടർ 17 വേൾഡ് കപ്പിൽ ബ്രസീലിനെതിരെ ഹാട്രിക്ക് നേടിക്കൊണ്ട് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിന് കഴിഞ്ഞിരുന്നു.

അതുപോലെതന്നെ എടുത്തു പറയേണ്ട താരമാണ് അഗുസ്റ്റിൻ റൂബർട്ടോ. ഈ വേൾഡ് കപ്പിലെ ഗോൾഡൻ ബൂട്ട് അദ്ദേഹമാണ് സ്വന്തമാക്കിയത്.ജർമ്മനിക്കെതിരെയുള്ള സെമി ഫൈനൽ മത്സരത്തിൽ ഇദ്ദേഹം ഹാട്രിക് നേടിയിരുന്നു.ഈ താരത്തെയും സ്വന്തമാക്കാൻ പല ക്ലബ്ബുകളും ഇപ്പോൾ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ മറ്റൊരു അർജന്റൈൻ വണ്ടർ കിഡിനെ യൂറോപ്പ്യൻ വമ്പന്മാർ സ്വന്തമാക്കി കഴിഞ്ഞു.ജിയാൻലൂക്ക പ്രെസ്റ്റിയാനിയാണ് ഇനിമുതൽ യൂറോപ്പിൽ കളിക്കുക.

പോർച്ചുഗീസ് വമ്പൻമാരായ ബെൻഫിക്കയാണ് അദ്ദേഹത്തെ സ്വന്തമാക്കിയിട്ടുള്ളത്. പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്. നിലവിൽ അർജന്റൈൻ ക്ലബ്ബായ വെലസിന് വേണ്ടിയാണ് താരം കളിച്ചുകൊണ്ടിരിക്കുന്നത്.കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ തന്നെ ഈ ഡീൽ എഗ്രി ചെയ്തിരുന്നു. ആകെ 10 മില്യൺ യൂറോയാണ് വെലസിന് ലഭിക്കുക. മാത്രമല്ല ഭാവിയിൽ താരത്തെ മറ്റേതെങ്കിലും ക്ലബ്ബിനെ കൈമാറുമ്പോൾ ആ ട്രാൻസ്ഫർ ഫീയുടെ 15 ശതമാനവും ഈ അർജന്റൈൻ ക്ലബ്ബിന് ലഭിച്ചേക്കും.

18 വയസ്സ് പൂർത്തിയായ ഉടനെ അദ്ദേഹം യൂറോപ്പിലേക്ക് പറന്നേക്കും. അതായത് ജനുവരി അവസാനത്തിൽ ഈ താരം ബെൻഫിക്കക്കൊപ്പം ജോയിൻ ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ അർജന്റൈൻ സൂപ്പർ താരങ്ങളായ എയ്ഞ്ചൽ ഡി മരിയ, നിക്കോളാസ് ഓട്ടമെന്റി എന്നിവർ ബെൻഫിക്കക്ക് വേണ്ടിയാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ പ്രെസ്റ്റിയാനിക്ക് ക്ലബ്ബിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമായേക്കും.

Leave a Reply

Your email address will not be published. Required fields are marked *