അവസരങ്ങളില്ല, ബാഴ്സ താരം ക്ലബ് വിടുമെന്നുറപ്പായി !

എഫ്സി ബാഴ്സലോണയിൽ മതിയായ അവസരങ്ങൾ ലഭിക്കാത്തതിനാൽ മധ്യനിര താരം കാർലെസ് അലേന ക്ലബ് വിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടിവോയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഈ ജനുവരി ട്രാൻസ്ഫറിൽ ബാഴ്സ വിട്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാനാണ് താരം ഉദ്ദേശിക്കുന്നത്. സ്പാനിഷ് ക്ലബായ ഗെറ്റാഫെയിലേക്ക് താരം ചേക്കേറുമെന്നാണ് മുണ്ടോ ഡിപോർട്ടിവോയുടെ കണ്ടെത്തൽ. എന്നാൽ എത്രകാലയളവിലേക്കാണ് താരം ലോണിൽ കൂടുമാറുക എന്ന് വ്യക്തമല്ല. ഉടൻ തന്നെ കരാർ നടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ പരിശീലകൻ റൊണാൾഡ് കൂമാന് കീഴിലും അവസരങ്ങൾ ലഭിക്കാത്തതിനാലാണ് താരം ക്ലബ് വിടുന്നത്. സ്ഥിരമായി ആദ്യ ഇലവനിൽ ഇടം ലഭിക്കുന്ന ഒരിടത്ത് കളിക്കണമെന്നാണ് താരത്തിന്റെ ആഗ്രഹം.

ഇറ്റാലിയൻ ക്ലബുകളിൽ നിന്ന് ഓഫറുകൾ വന്നിരുന്നുവെങ്കിലും താരം ലാലിഗയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. ഇരുപത്തിമൂന്നുകാരനായ താരം ബാഴ്സലോണയിലൂടെ തന്നെ വളർന്ന താരമാണ്. പിന്നീട് റയൽ ബെറ്റിസിലേക്ക് താരം ലോണിൽ പോയിരുന്നു. തുടർന്ന് ബാഴ്സയിൽ തന്നെ തിരിച്ചെത്തുകയായിരുന്നു. കഴിഞ്ഞ ഡിസംബർ 22 മുതൽ തന്നെ ഗെറ്റാഫെ താരവുമായി ചർച്ചകൾ ആരംഭിച്ചിരുന്നു. ലാലിഗയിലെ തന്നെ രണ്ട് ക്ലബുകളിൽ നിന്ന് താരത്തിന് ഓഫർ വന്നിരുന്നുവെങ്കിലും താരം ഗെറ്റാഫെയെ തിരഞ്ഞെടുക്കുകയായിരുന്നു. ഈ ആഴ്ച്ച തന്നെ ട്രാൻസ്ഫർ സ്ഥിരീകരിക്കുമെന്ന് മുണ്ടോ ഡിപോർട്ടിവോ ചൂണ്ടികാണിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *