അലാബയെ ടീമിലെത്തിക്കാൻ റയൽ മാഡ്രിഡ്‌ തയ്യാർ, തടസ്സം ഇതൊന്ന് മാത്രം !

ഈ സീസണിന്റെ അവസാനത്തോട് കൂടി ഫ്രീ ഏജന്റുമാരാവുന്ന താരങ്ങളിൽ പ്രധാനപ്പെട്ട താരമാണ് ബയേൺ മ്യൂണിക്കിന്റെ ഡിഫൻഡർ ഡേവിഡ് അലാബ. ബയേൺ മ്യൂണിക്കുമായി കരാർ പുതുക്കാനാവാത്തതിനെ തുടർന്ന് താരം ക്ലബ് വിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ ജനുവരിയിൽ തന്നെ ഏതെങ്കിലും ക്ലബുമായി കരാറിൽ എത്താനാണ് അലാബയുടെ ശ്രമം. യൂറോപ്പിലെ പ്രമുഖക്ലബുകൾ താരത്തിന് വേണ്ടി രംഗത്തുണ്ട്. സജീവമായി രംഗത്തുള്ള ക്ലബുകളിൽ ഒന്നാണ് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ്‌. താരത്തെ റയൽ ക്ലബ്ബിലെത്തിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ഈ അടുത്ത ദിവസങ്ങളിൽ കൂടുതലായി പ്രചരിച്ചിരുന്നു. എന്നാൽ റയൽ മാഡ്രിഡിന് മുന്നിലുള്ള ഏകതടസ്സം താരത്തിന്റെ സാലറി തന്നെയാണ്.

ഇരുപത് മില്യൺ യൂറോയാണ് താരം വാർഷികസാലറിയായി ആവിശ്യപ്പെടുന്നത്. താരത്തിന്റെ ഏജന്റ് ആയ പിനി സഹാവി ഇക്കാര്യം നേരിട്ടറിയിച്ചിരുന്നു. എന്നാൽ ഇത്രയും വലിയ തുക റയൽ മാഡ്രിഡ്‌ നൽകിയേക്കില്ല. നിലവിൽ റയൽ മാഡ്രിഡിൽ ഇത്രയും വലിയ തുക കൈപ്പറ്റുന്ന ആരുമില്ല. മാത്രമല്ല സാമ്പത്തികപ്രതിസന്ധി അനുഭവിക്കുന്ന ഈ അവസരത്തിൽ ഈ തുക നൽകാൻ റയൽ തയ്യാറാവില്ല എന്ന് തന്നെയാണ് സ്പാനിഷ് മാധ്യമങ്ങൾ പറയുന്നത്. പ്രതിരോധനിരയിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാൻ കഴിവുള്ള താരമാണ് അലാബ. അതേസമയം താരത്തിന് വേണ്ടി പിഎസ്ജി, ചെൽസി എന്നിവർ സജീവമായി രംഗത്തുണ്ട്. ഇതിൽ ചെൽസി താരത്തിന് ഈ സാലറി നൽകാൻ തയ്യാറുള്ളവരാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *