സൗഹൃദമത്സരത്തിനിടെ റയലിൽ നിന്നും മടങ്ങി ബെയ്ൽ, ലക്ഷ്യം ടോട്ടൻഹാമാണെന്ന് ഏജന്റ് !

സൂപ്പർ താരം ഗാരെത് ബെയ്ൽ റയൽ മാഡ്രിഡുമായി അത്ര രസത്തിലല്ല എന്നുള്ളത് പരസ്യമായ കാര്യമാണ്. റയൽ തന്റെ ട്രാൻസ്ഫറുകളെ മുടക്കുന്നു എന്ന് ദിവസങ്ങൾക്ക് മുമ്പ് ബെയ്ൽ ആരോപിച്ചിരുന്നു. ഇപ്പോഴിതാ ഒരിക്കൽ കൂടി റയൽ മാഡ്രിഡിനോടുള്ള തന്റെ അനിഷ്ടം തുറന്നു കാണിച്ചിരിക്കുകയാണ് ബെയ്ൽ. ഇന്നലെ റയൽ മാഡ്രിഡിന്റെ പരിശീലനമൈതാനമായ വാൽഡേബെബാസിൽ റയൽ ഗെറ്റാഫെക്കെതിരെ സൗഹൃദമത്സരം കളിച്ചിരുന്നു. ഇതിൽ ബെയ്ലിന് സ്ഥാനം ലഭിച്ചിരുന്നില്ല. ഇതോടെ മത്സരത്തിന്റെ ഇരുപത്തിയേഴാം മിനുട്ടിൽ സ്വന്തം വാഹനത്തിൽ സ്ഥലം വിടുകയായിരുന്നു. ഇക്കാര്യം മാർക്ക ഉൾപ്പടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ താരം റയൽ വിടാൻ ഉദ്ദേശിച്ചിട്ടുണ്ടെന്നും താരത്തിന്റെ പഴയ ക്ലബായ ടോട്ടൻഹാമിലേക്ക് ചേക്കേറാനാണ് താരം ഉദ്ദേശിക്കുന്നതെന്നും താരത്തിന്റെ ഏജന്റ് ആയ ജോനാഥാൻ ബാർനെട്ട് വെളിപ്പെടുത്തി.

” ഞങ്ങൾ ടോട്ടൻഹാമുമായി സംസാരിക്കുന്നുണ്ട്. അദ്ദേഹം ഇപ്പോഴും സ്പർസിനെ ഇഷ്ടപ്പെടുന്നുണ്ട്. അദ്ദേഹം അവിടെ ആയിരിക്കാൻ ആഗ്രഹിക്കുന്നു ” ഇതാണ് താരത്തിന്റെ ഏജന്റ് ബിബിസി റേഡിയോയോട് പറഞ്ഞത്. താരത്തെ സൈൻ ചെയ്യാൻ ടോട്ടൻഹാമിന് പുറമെ മാഞ്ചസ്റ്റർ യൂണൈറ്റഡിനും താല്പര്യമുണ്ട്. എന്നാൽ ഇരുടീമുകൾക്കും തടസ്സമായി നിൽക്കുന്നത് താരത്തിന്റെ ഭീമമായ സാലറിയാണ്. രണ്ടു വർഷത്തേക്കുള്ള സാലറിയുടെ പകുതി റയൽ മാഡ്രിഡ്‌ നൽകാമെന്ന് സമ്മതിച്ചിട്ടുണ്ടെങ്കിലും ബാക്കിയുള്ളത് ഇരുടീമുകൾക്കും താങ്ങാവുന്നതിലുമപ്പുറമാണ്. പക്ഷെ ടോട്ടൻഹാമുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം റയൽ മാഡ്രിഡ്‌ തങ്ങളുടെ താരമായ ഹാമിഷ് റോഡ്രിഗസിനെ എവെർട്ടണ് വിട്ടു നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *