സുവാരസിനെ മാത്രമല്ല, മുമ്പും ബാഴ്സ ഇത്പോലെ ചെയ്തിട്ടുണ്ടെന്ന് ഡിയഗോ ഫോർലാൻ !

കഴിഞ്ഞ ദിവസമായിരുന്നു സൂപ്പർ താരം ലൂയിസ് സുവാരസ് ബാഴ്സ വിട്ട് അത്‌ലെറ്റിക്കോ മാഡ്രിഡിൽ എത്തിയത്. എന്നാൽ സുവാരസിനെ ബാഴ്സ ഒഴിവാക്കിയ രീതി ഒട്ടും ശരിയായില്ലെന്ന് ബാഴ്സ ആരാധകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കൂടാതെ സൂപ്പർ താരം ലയണൽ മെസ്സിയും ബാഴ്‌സ ബോർഡിനെ വിമർശിച്ചിരുന്നു. സുവാരസ് ഇതിലും നല്ല വിടവാങ്ങൽ അർഹിച്ചിരുന്നുവെന്നും ക്ലബ്ബിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായിരുന്നു സുവാരസ് എന്നുമാണ് മെസ്സി പറഞ്ഞത്. ഇപ്പോഴിതാ ബാഴ്സക്കെതിരെ വിമർശനം ഉയർത്തി കൊണ്ട് മറ്റൊരു താരം കൂടി രംഗത്ത് വന്നിരിക്കുകയാണ്. മുൻ അത്‌ലെറ്റിക്കോ മാഡ്രിഡ്‌ താരവും ഉറുഗ്വയിൽ സുവാരസിന്റെ സഹതാരവുമായിരുന്ന ഡിയഗോ ഫോർലാൻ ആണ് ബാഴ്‌സക്കെതിരെ ഇപ്പോൾ വിമർശനം ഉന്നയിച്ചിരിക്കുന്നത്. സുവാരസിനോട് ബാഴ്‌സ ചെയ്തത് നിന്ദയാണെന്നും സുവാരസിനോട് മാത്രമല്ല, മുമ്പ് പല താരങ്ങളോടും ബാഴ്‌സ ഇത് ചെയ്തിട്ടുണ്ടെന്നുമാണ് ഫോർലാൻ അറിയിച്ചത്. കഴിഞ്ഞ ദിവസം റേഡിയോ മാർക്കക്ക് നൽകിയ അഭിമുഖത്തിലാണ് ഫോർലാൻ സംസാരിച്ചത്. അതേ സമയം സുവാരസിന് അത്‌ലെറ്റിക്കോ മാഡ്രിഡിൽ പിന്തുണ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

” ബാഴ്സലോണ എന്താണോ സുവാരസിനോട് ചെയ്തത്, അത്‌ കഴിഞ്ഞ കുറെ വർഷമായി കുറെ താരങ്ങളുടെ കാര്യത്തിൽ സംഭവിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ സുവാരസ് ക്ലബ്ബിന് വേണ്ടി അദ്ദേഹത്തിനെ കൊണ്ട് സാധ്യമായതെല്ലാം ചെയ്തിട്ടുണ്ട്. പക്ഷെ അവർ അദ്ദേഹത്തെ നിന്ദിക്കുകയാണ് ചെയ്തത്. എന്തൊക്കെയായാലും സുവാരസിന് അത്‌ലെറ്റിക്കോ മാഡ്രിഡിൽ നല്ല പിന്തുണ ലഭിക്കും. സുവാരസിനെ പോലെയുള്ള ഒരു താരം അത്‌ലെറ്റിക്കോ മാഡ്രിഡിനെ വളരെയധികം സഹായിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ആദ്യ സ്ഥാനങ്ങൾക്ക് വേണ്ടി പോരാടാൻ അദ്ദേഹം അത്‌ലെറ്റിക്കോയെ സഹായിക്കും. സുവാരസ്, ഡിയഗോ കോസ്റ്റ, ഹാവോ ഫെലിക്സ് എന്നിവർ അടങ്ങുന്ന മുന്നേറ്റനിര അത്‌ലെറ്റിക്കോ മാഡ്രിഡിനെ കൂടുതൽ ശക്തരാക്കും ” ഫോർലാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *