ബാഴ്സയുടെ യുവപ്രതിഭയെ റാഞ്ചാൻ ബിയൽസയുടെ ലീഡ്‌സ് !

ബാഴ്‌സയുടെ പരിശീലകനായി റൊണാൾഡ് കൂമാൻ സ്ഥാനമേറ്റത് ഏറ്റവും കൂടുതൽ ബാധിച്ച താരമാണ് റിക്കി പുജ്‌ എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. താരത്തിന് വേണ്ട വിധത്തിലുള്ള അവസരങ്ങൾ ലഭിക്കില്ലെന്ന് കൂമാൻ തന്നെ തുറന്നു പറഞ്ഞിരുന്നു. അവസരങ്ങൾ ലഭിക്കണമെങ്കിൽ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാൻ താരത്തോട് കൂമാൻ തന്നെ നേരിട്ട് അറിയിച്ചിരുന്നു. എന്നാൽ ബാഴ്‌സയിൽ തന്നെ തുടരാനും തന്റെ സ്ഥാനത്തിനായി പോരാടാനുമായിരുന്നു റിക്കി പുജിന്റെ തീരുമാനം. പക്ഷേ അവസരങ്ങൾ താരത്തെ തേടി എത്തിയില്ല. ഇപ്പോഴിതാ താരത്തെ തങ്ങളുടെ തട്ടകത്തിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് മാഴ്‌സെലോ ബിയൽസയുടെ ലീഡ്‌സ് യുണൈറ്റഡ്. ഡയാറിയോ എഎസ്, ഡയാറിയോ സ്‌പോർട് എന്ന സ്പാനിഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തത്.

ഈ ജനുവരി ട്രാൻസ്ഫറിൽ താരത്തെ എത്തിക്കാനുള്ള ശ്രമങ്ങൾ ലീഡ്സ് യുണൈറ്റഡ് നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.ലോണിൽ ലഭിക്കാനാണ് ലീഡ്സ് ശ്രമിക്കുന്നത്. എന്നാൽ താരത്തെ എഫ്സി ബാഴ്സലോണ കൈവിടുമോ എന്നാണ് നോക്കി കാണേണ്ട കാര്യം. യൂറോപ്പിലെ നിരവധി ക്ലബുകൾ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു. അയാക്സ് താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല. പക്ഷെ ലീഡ്‌സ് യുണൈറ്റഡിന്റെ ശ്രമങ്ങൾ ഫലം കാണുമോ എന്ന് കാണേണ്ടിയിരിക്കുന്നു. നിലവിൽ ലീഗിൽ പതിനാലാം സ്ഥാനത്താണ് ലീഡ്‌സ് യുണൈറ്റഡ്. തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നുവെങ്കിലും പിന്നീട് ലീഡ്‌സ് തോൽവികൾ രുചിക്കുകയായിരുന്നു. സ്പാനിഷ് താരങ്ങളായ റോഡ്രിഗോ മൊറീനോ, പാബ്ലോ ഹെർണാണ്ടസ്, കിക്കോ കസില്ല, ഡിയഗോ ലോറെന്റെ എന്നിവർ ലീഡ്‌സ് യുണൈറ്റഡിലാണ് കളിക്കുന്നത്. അതിനാൽ തന്നെ ഈ താരങ്ങളെ വെച്ച് റിക്കി പുജിനെ കൺവിൻസ്‌ ചെയ്യിക്കാനാവും ലീഡ്‌സിന്റെ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *